suresh-gopi

തൃശൂർ: ഹെലികോപ്റ്ററിൽ പറന്നിറങ്ങി, നൂറ് കണക്കിന് പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങി നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി എം.പി വിശ്രമത്തിനായി കൊച്ചിയിലേക്ക് മടങ്ങി. ഇനി, ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരമുള്ള വിശ്രമത്തിന് ശേഷം 24ന് പ്രചാരണത്തിനെത്തും.

ഇന്നലെ രാവിലെ പതിനൊന്നോടെ, ശോഭാ സിറ്റിയിലെ ഹെലിപാഡിൽ ഭാര്യ രാധികയ്ക്കൊപ്പം വന്നിറങ്ങിയ അദ്ദേഹത്തെ നടൻ ദേവനും ജില്ലാ നേതാക്കളും സ്വീകരിച്ചു. തുടർന്ന് കാറിൽ അയ്യന്തോളിലെ കളക്ടറേറ്റിലേക്ക് പത്രിക നൽകാൻ തിരിച്ചു. പുഴയ്ക്കലിൽ കാത്തുനിന്ന അണികളുടെ മുദ്രാവാക്യം വിളികൾക്കിടയിലൂടെ, കൈവീശിക്കാട്ടി ബൈക്ക് റാലിയുടെ അകമ്പടിയോടെ അദ്ദേഹം കളക്ടറേറ്റിലെത്തി. ആർ.ഡി.ഒ എൻ.കെ കൃപയ്ക്ക് പത്രിക സമർപ്പിക്കുമ്പോൾ സമയം 12.15. ഗുരുവായൂരപ്പന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തായിരുന്നു സമർപ്പണം.

ആർ.ഡി.ഒയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കളക്ടറേറ്റിലെ ജീവനക്കാരും മാദ്ധ്യമപ്രവർത്തകരും കാത്തുനിൽപ്പുണ്ടായിരുന്നു. അഞ്ചു മിനിറ്റ് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി പുറത്തിറങ്ങുമ്പോൾ, മൊബൈൽ കാമറകൾ തുടരെ മിന്നി. കളക്ടറേറ്റിന് മുന്നിൽ പ്രവർത്തകർ പൂമാല അണിയിച്ചു. എല്ലാവരെയും കൈവീശിക്കാട്ടി അഭിവാദ്യം അർപ്പിക്കുമ്പോൾ, പ്രവർത്തകർ 'ഭാരത് മാതാ കീ ജയ് , സുരേഷ് ഗോപി കീ ജയ് ' വിളിച്ച് ആവേശഭരിതരായി. തിക്കും തിരക്കും കാരണം കാറിനുള്ളിൽ കയറിപ്പറ്റാൻ പോലും ഏറെ പ്രയാസപ്പെട്ടു. കസവുമുണ്ടും ശ്രീകൃഷ്ണന്റ ചിത്രം ആലേഖനം ചെയ്ത വെളുത്ത ഷർട്ടും ധരിച്ചെത്തിയ അദ്ദേഹത്തിനൊപ്പം സെൽഫിയെടുക്കാനും പ്രവർത്തകർ തിരക്കുകൂട്ടി. തിരിച്ച് ശോഭാസിറ്റിയിലെത്തി വിശ്രമിച്ചശേഷം ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് .

ബി.ജെ.പി എ ക്‌ളാസായി പരിഗണിച്ച് വിജയസാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ട് വർദ്ധനയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും ബി.ജെ.പിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. സുരേഷ് ഗോപി മത്സരിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ രണ്ടാമതെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. താരപരിവേഷവും തൃശൂർ കേന്ദ്രീകരിച്ച് നടത്തിയ സേവന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.