chitunda

മാള: പാതിച്ചെലവിൽ പ്രകൃതിദത്ത മൂലകങ്ങൾ അടിവളമായി നൽകി മണ്ണോടെ ഞാറ്റടികൾ മാറ്റിനടുന്ന നെന്മേനി ചിറ്റുണ്ട രീതി അന്നമനട പഞ്ചായത്തിലേക്കും. അന്നമനട പഞ്ചായത്തിലെ എടയാറ്റൂരിൽ ആറ് ഏക്കറിലാണ് ഈ കൃഷി രീതി നടപ്പിലാക്കുക.

പഞ്ചഗവ്യം അടക്കമുള്ളവ ചേർത്തുള്ള കൂട്ട് മണ്ണിൽ കുഴച്ച് അത് ട്രേകളിൽ നിറച്ച് വിത്തിട്ട് ഒരിഞ്ച് സ്‌ക്വയർ വീതമുള്ള ചിറ്റുണ്ടയാണ് ഈ രീതിയിൽ വയലിലേക്ക് മാറ്റുക. ഞാറ് പറിച്ചു നടുമ്പോൾ ചെടിക്ക് വേര് പിടിക്കാൻ വേണ്ടി വരുന്ന കാലതാമസവും ഇതോടെ ഒഴിവാകും. സാധാരണ ഒരേക്കറിൽ 30 മുതൽ 60 കിലോഗ്രാം നെൽ വിത്ത് വേണ്ടിവരുന്ന സ്ഥാനത്ത് ഈ രീതിയിൽ 5 കിലോഗ്രാം മാത്രം മതിയാകും. ഒരേക്കറിന് കൂലിയടക്കം 7500 രൂപയേ ചെലവ് വരൂ. മറ്റു രീതികളിൽ കൃഷി ചെയ്യുന്നതിനേക്കാൾ 50 ശതമാനം ചെലവേ വരൂ.

64,000 ചിറ്റുണ്ടയാണ് ഒരേക്കറിന് ആവശ്യമുള്ളത്. ഏഴ് മുതൽ 15 ദിവസം വരെ പ്രായമായ ചിറ്റുണ്ടയാണ് പാടത്തേക്ക് മാറ്റുക.

കർഷകർക്ക് കുറഞ്ഞ ചെലവിലും സമയത്തും നെൽക്കൃഷി എങ്ങനെ ചെയ്യാം എന്ന ആലോചനയിൽ നിന്നാണ് നെന്മേനി ചിറ്റുണ്ട രീതി ഉടലെടുക്കുന്നത്. വയനാട് നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി സ്വദേശിയായ അജി തോമസ് കുന്നേലാണ് വർഷങ്ങളുടെ പരീക്ഷണങ്ങളിലൂടെ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.

എന്താണ് നെന്മേനി ചിറ്റുണ്ട

ഒരു ഏക്കറിന് 3 കിലോ വിത്ത് മാത്രമേ ഈ രീതിയിൽ വേണ്ടി വരൂ. നെല്ലിന്റെ പറിച്ച് നടൽ മൂലമുള്ള വളർച്ചക്കുറവ് ഒഴിവാക്കപ്പെടും. നെല്ലിന്റെ വളർച്ചയെ ത്വരിതപ്പെടുത്തും. കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാനാകും. പാടത്ത് കീടശല്യവും കുറയും. ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കാനായി വയനാട് ആസ്ഥാനമാക്കി ഞാറ്റടി ട്രഡീഷണൽ പാഡി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന കർഷകരുടെ പ്രൊഡ്യൂസർ കമ്പനി രൂപീകൃതമായിട്ടുണ്ട്. കർഷകർ നെൽക്കൃഷിയിൽ നിന്ന് അകന്നു പോയിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് 'നെന്മേനി ചിറ്റുണ്ട'യുടെ പ്രാധാന്യവും പ്രചാരവും ഏറ്റെടുത്ത് ഈ കമ്പനി സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്നത്.

വയനാട് നെന്മേനിയിൽ നിന്ന് പാകപ്പെടുത്തി കൊണ്ടുവരുന്ന ചിറ്റുണ്ട ഇവിടെ ആറേക്കർ സ്ഥലത്താണ് ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യുന്നത്. എല്ലാം അവർ തന്നെയാണ് ചെയ്യുക. ഒരേക്കറിന് 5 കിലോഗ്രാം വിത്ത് മാത്രമാണ് വാങ്ങി നൽകിയത്.

വി.ബി ഷിബു, വി.സി ശ്യാംകുമാർ, കെ.കെ പ്രദീപൻ, ടി.എൻ ദീപക്
അന്നമനട മേഖല കർഷക സ്വയം സഹായ സംഘം ഭാരവാഹികൾ