malayora-samithy

തൃശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിൽ മൂന്ന് മുന്നണികൾക്കും ഭീഷണിയായി മലയോര സംരക്ഷണ സമിതിയുടെ സ്ഥാനാർത്ഥി. മലയോര സംരക്ഷണ സമിതി തൃശൂർ ജില്ലാ കൺവീനർ ജോർജ് കാക്കശ്ശേരിയാണ് ഒല്ലൂരിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മലയോര നിവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകാത്ത അധികൃതരുടെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് 2019 ആഗസ്റ്റ് 15 ന് തല മുണ്ഡനം ചെയ്ത് ജോർജ് കാക്കശ്ശേരി പ്രതിഷേധിച്ചിരുന്നു.

ഒല്ലൂർ നിയോജക മണ്ഡലത്തിൽ മലയോര നിവാസികൾ ഏറ്റവും കൂടുതലുള്ള മേഖലയായ പാണഞ്ചേരി പഞ്ചായത്ത് പരിസ്ഥിതി ലോല പ്രദേശമാണ്. കാർഷികവൃത്തി മാത്രം ഉപജീവനമാക്കിയിട്ടുള്ള 1970 മുതൽ മലയോര മേഖലയിൽ അധിവസിച്ചുവരുന്ന ഇവിടുത്തെ പതിനായിരത്തോളം കുടുംബങ്ങൾക്കാണ് ഇനിയും പട്ടയം ലഭ്യമല്ലാത്തത്. പട്ടയമില്ലാത്തതിനാൽ കേന്ദ്ര - കേരള സർക്കാരുകളിൽ നിന്ന് ലഭ്യമാകേണ്ട യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. മലയോര കർഷകർ ഏറ്റവും കൂടുതലുള്ള ഒല്ലൂർ നിയോജക മണ്ഡലത്തിൽ അവരുടെ വോട്ടുകൾ മൂന്ന് മുന്നണികൾക്കും നിർണായകമാണ്. മലയോര സംരക്ഷണ സമിതി കൂടുതൽ വോട്ട് നേടിയാൽ അത് മൂന്ന് മുന്നണികളുടെയും ജയസാദ്ധ്യതകളെ ബാധിക്കും.

മലയോര നിവാസികളുടെ പ്രശ്‌നങ്ങളെ പറ്റി പഠിക്കാൻ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകുന്നില്ല. പട്ടയം തരാമെന്ന് പറഞ്ഞ് മലയോര നിവാസികളെ കാലങ്ങളായി ഇരുമുന്നണികളും പറ്റിക്കുകയാണ്.

ജോർജ് കാക്കശ്ശരി
മലയോര സംരക്ഷണ സമിതി സ്ഥാനാർത്ഥി

പട്ടയം നൽകാതെ വഞ്ചിച്ചെന്നത് അവാസ്തവമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പരമാവധി പേർക്ക് പട്ടയം നൽകിയിട്ടുണ്ട്. കൂടുതൽ പേർക്ക് നൽകാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.

കെ. രാജൻ

എം.എൽ.എ

പട്ടയം നൽകാമെന്ന് പറഞ്ഞ് മലയോര നിവാസികളെ വഞ്ചിക്കുകയായിരുന്നു സ്ഥലം എം.എൽ.എയും ഇടതു സർക്കാരും. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ ഒന്നും ശരിയാക്കിയില്ല.

ജോസ് വള്ളൂർ
യു.ഡി.എഫ് സ്ഥാനാർത്ഥി

മലയോര കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡും സൗജന്യ ചികിത്സയും ഉറപ്പാക്കും. യഥാർത്ഥ മലയോര കർഷകർക്ക് പട്ടയം നൽകണമെന്ന് തന്നെയാണ് ബി.ജെ.പിയുടെ ആവശ്യം. ഇരുമുന്നണികളും അവരെ കബളിപ്പിക്കുകയാണ്.

അഡ്വ.ബി. ഗോപാലകൃഷ്ണൻ
എൻ.ഡി.എ സ്ഥാനാർത്ഥി