
തൃശൂർ: മലബാർ സിമന്റ്‌സ് അഴിമതി കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് മൂന്ന് പേരെ ഒഴിവാക്കാനുള്ള സർക്കാർ നീക്കം തൃശൂർ വിജിലൻസ് കോടതി തടഞ്ഞു. മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, കമ്പനി മുൻ എം.ഡിമാരായ എൻ.കൃഷ്ണകുമാർ, ടി. പത്മനാഭൻ നായർ എന്നിവർ വിചാരണ നേരിടണം.
മൂന്ന് അഴിമതി കേസുകളിലായി 20 കോടിയുടെ വെട്ടിപ്പ് നടന്നെന്നാണ് കുറ്റപത്രം. ഈ മാസം 25ന് വാദം കേൾക്കാനും വിജിലൻസ് ജഡ്ജി ഹരിഗോവിന്ദൻ ഉത്തരവിട്ടു. കേസുകളിൽ നിന്ന് പിൻവാങ്ങാനുള്ള തീരുമാനം 2012ൽ യു.ഡി.എഫ് സർക്കാരാണെടുത്തത്. 2016ൽ എൽ.ഡി.എഫ് സർക്കാരും തീരുമാനവുമായി മുന്നോട്ടുപോയി. പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയ കേസിൽ നിന്നു പിന്തിരിയാനുള്ള നീക്കത്തിനെതിരെ സ്‌റ്റേറ്റ് ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്‌ഷൻ സെന്റർ ജനറൽ സെക്രട്ടറി ജോയ് കൈതാരമാണ് കോടതിയെ സമീപിച്ചത്.