വടക്കാഞ്ചേരി: വാഴാനി ഡാമിലെ ജലം കുടിവെള്ളത്തിനായി തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിലെയും തെക്കുംകര പഞ്ചായത്തിലെയും ജനപ്രതിനിധികൾ വടക്കാഞ്ചേരി ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ 15 ന് വാഴാനി ഡാമിൽ നിന്നും വെള്ളം തുറന്നു വിടണമെന്ന് പ്രൊജക്റ്റ് കമ്മിറ്റി തീരുമാനമെടുത്തിട്ടും ഡാം തുറക്കാത്ത കളക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഉപരോധസമരം സംഘടിപ്പിച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുരിയൻ സമരം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർമാരായ കെ. അജിത്കുമാർ, എസ്.എ.എ. ആസാദ്, കെ.ടി. ജോയ്, ടി.വി. സണ്ണി, വൈശാഖ് നാരായണസ്വാമി, ബുഷറ റഷീദ്, സന്ധ്യ കൊടക്കാടത്ത് എന്നിവർ പങ്കെടുത്തു.