വരന്തരപ്പിള്ളി: തൃശൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി വരന്തരപ്പിള്ളി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന് ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6.30ന് വരന്തരപ്പിള്ളി ഗ്യാലക്‌സി ക്ലബ് ഹാളിൽ സംവിധായകൻ സജീർ ബാബു ഉദ്ഘാടനം ചെയ്യും. സംവിധായകൻ പ്രിയനന്ദനൻ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. മേള ആറ് ദിവസം നീണ്ടു നിൽക്കും.
കഴിഞ്ഞ വർഷം സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്രങ്ങൾ, ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഇന്ത്യൻ പനോരമ ചിത്രങ്ങൾ, മികച്ച വിദേശ സിനിമകൾ എന്നിവയും മേളയിൽ പ്രദർശിപ്പിക്കുമെന്ന് ഫിലിം സൊസൈറ്റി രക്ഷാധികാരി, ഫാ ബേബി ഷെപ്പേർഡ്, ട്രഷർ ഷാജു ആളൂപറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.