
തൃശൂർ: കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയ സുരേഷ് ഗോപിക്ക് ആരാധകൻ ചാർത്തിയത് മധുരമീനാക്ഷി ദേവിയുടെ പൂമാല. മധുരയിലുളള പെരുമാളാണ് (60) പൂമാലയുമായി തൃശൂരിലെത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിടയിലും അദ്ദേഹം മാലയുമായി വന്നിരുന്നു. സുരേഷ് ഗോപിക്ക് പെരുമാളുമായി ഏറെക്കാലത്തെ ബന്ധമുണ്ട്. മാല കഴുത്തിലണിഞ്ഞ ശേഷം കുറച്ചുനേരം കഴിഞ്ഞാണ് അദ്ദേഹം അത് കൂടെയുള്ളവർക്ക് കൈമാറിയത്.
പൊതു നിരീക്ഷകർ ജില്ലയിലെത്തി
തൃശൂർ: ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പൊതു നിരീക്ഷകർ ജില്ലയിലെത്തി. ജില്ലയിലെ പതിമൂന്ന് നിയോജക മണ്ഡലങ്ങൾക്കായി അഞ്ചു പൊതു നിരീക്ഷകരെയാണ് ചുമതലപ്പെടുത്തിയത്. എമിൽ ലാക്ര 8281100754 (കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി). അശോക് കുമാർ ഗാർഗ് 8281100751 (ഗുരുവായൂർ, മണലൂർ). ഡി. ആനന്ദൻ 8281100752 (നാട്ടിക, കയ്പ്പമംഗലം, ഇരിഞ്ഞാലക്കുട). ദീപ് ചന്ദ്ര 8281100753 (തൃശൂർ, ഒല്ലൂർ). താഷി ഥെന്തുപ് ഷേർപാ 8281100755 (പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ).
131 പേർക്ക് കൂടി കൊവിഡ്
തൃശൂർ: 131 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 200 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1960 ആണ്. തൃശൂർ സ്വദേശികളായ 40 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ആറ് ആൾക്കും, രോഗ ഉറവിടം അറിയാത്ത രണ്ട് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 135 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 40 പേർ ആശുപത്രിയിലും 95 പേർ വീടുകളിലുമാണ്. 6073 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.