
തൃശൂർ: നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി മണ്ഡലങ്ങളിലെ അന്തിമചിത്രം തെളിഞ്ഞതോടെ ഇനി മുന്നണികൾ ദേശീയ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് വൻ പ്രചാരണ പൊതുയോഗങ്ങളിലേക്ക് കടക്കുന്നു. ഇതിന് തുടക്കം കുറിച്ച് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫിന്റെ അഞ്ച് പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് ആറിന് തേക്കിൻകാട് മൈതാനത്ത് വിപുലമായ പൊതുയോഗമാണ് നടക്കുക. വോട്ടെടുപ്പിന് 17 ദിവസം ബാക്കി നിൽക്കെ, അടുത്ത ആഴ്ച മുതൽ എൻ.ഡി.എയുടെയും യു.ഡി.എഫിന്റെയും നേതാക്കൾ ജില്ലയിൽ സജീവമാകും. ഡെമോക്രാറ്റിക് - സോഷ്യൽ ജസ്റ്റിസ് പാർട്ടി, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ഒഫ് ഇന്ത്യ, ബി.എസ്.പി തുടങ്ങിയ സംഘടനകളും സ്വതന്ത്രന്മാരും പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മുന്നണി സ്ഥാനാർത്ഥികളെ എത്രമാത്രം ബാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
വരുംദിവസങ്ങളിൽ പ്രചാരണം പരമാവധി കൊഴുപ്പിക്കാൻ ശബരിമല വിവാദവും പൂരം സംബന്ധിച്ച തർക്കങ്ങളും പ്രാദേശിക പ്രതിഷേധങ്ങളുമെല്ലാം മുന്നണികൾക്ക് ആയുധങ്ങളാകും. ശബരിമല ചർച്ചയാകാതിരിക്കാൻ ഇടതുമുന്നണി കരുതലെടുക്കുമ്പോൾ, ഇന്നലെ സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചശേഷം പറഞ്ഞത് ശബരിമല ചർച്ചാ വിഷയമാകുമെന്നാണ്. ശബരിമലയ്ക്കായി പാർലമെന്റിൽ നിയമനിർമ്മാണത്തിന് ശ്രമിക്കുമെന്നും അതിനായുള്ള പ്രവർത്തനം കേന്ദ്രനേതാക്കൾ തുടങ്ങിയെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യു.ഡി.എഫിന്റെ പ്രചാരണയോഗങ്ങളിൽ കാര്യമായി ശബരിമല വിഷയം പരാമർശിക്കുന്നുമില്ല.
താരത്തിന്റെ വരവ് ആരെ തുണയ്ക്കും ?
താരമൂല്യമുളള നടൻ സുരേഷ്‌ഗോപി അടുത്ത ബുധനാഴ്ച മുതൽ തൃശൂരിൽ പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ്. സുരേഷ് ഗോപിയുടെ വരവ് തങ്ങളെ സഹായിക്കുമെന്നാണ് ഇടതുമുന്നണി വിശ്വസിക്കുന്നത്. എന്നാൽ, അത് ഒരുതരത്തിലും ബാധിക്കില്ലെന്നാണ് യു.ഡി.എഫിന്റെ പക്ഷം. സ്ഥാനാർത്ഥി പ്രചാരണത്തിന് ഇറങ്ങാൻ വൈകുന്നത് തങ്ങളെ തുണയ്ക്കുമെന്ന് ഇടതു വലതു മുന്നണികൾ ഒരേപോലെ കരുതുന്നുമുണ്ട്. അതേസമയം, തനിച്ച് ജയിക്കാൻ കഴിയുന്ന മണ്ഡലമാണ് തൃശൂർ എന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. വ്യാഴാഴ്ച അദ്ദേഹത്തിന്റെ വരവിൽ ഓളം സൃഷ്ടിക്കാൻ നേതൃത്വം ശ്രമിച്ചിരുന്നു.
അഞ്ച് മണ്ഡലങ്ങളിൽ പൊടിപാറും
13 മണ്ഡലങ്ങളിലെയും പോരാട്ടം കടുക്കുമെങ്കിലും പൊടിപാറുന്ന മത്സരം തൃശൂർ, വടക്കാഞ്ചേരി, ചാലക്കുടി, ഇരിങ്ങാലക്കുട, ഗുരുവായൂർ മണ്ഡലങ്ങളിലാകുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. ജനങ്ങളെ നേരിട്ട് സ്പർശിക്കുന്ന പെൻഷൻ, ലൈഫ്, സൗജന്യകിറ്റ്, ഹൈടെക് സ്കൂൾ തുടങ്ങി പദ്ധതികളും വികസന പ്രവർത്തനങ്ങളുമാകും തുറുപ്പ് ചീട്ടെന്നാണ് ഇടതിന്റെ കണക്കുകൂട്ടൽ. കയ്പ്പമംഗലം, കൊടുങ്ങല്ലൂർ, ചേലക്കര, പുതുക്കാട്, കുന്നംകുളം, മണലൂർ എന്നിവയെല്ലാം ഇടതിന്റെ കോട്ടകളായി അവർ കരുതുന്നു. ഒല്ലൂരും നാട്ടികയിലും വലിയ പ്രതീക്ഷകളുണ്ട്. കഴിഞ്ഞ തവണ മൂന്ന് മന്ത്രിമാരെയും ചീഫ് വിപ്പിനെയും സമ്മാനിച്ച ജില്ലയിലെ ഇടതുതരംഗം നിലനിറുത്താൻ രണ്ടും കൽപ്പിച്ചുള്ള മത്സരത്തിനാണ് എൽ.ഡി.എഫ് ഒരുങ്ങിയിറങ്ങിയത്.
യുവത്വം കരുത്താക്കാൻ
40 നും 55 നും ഇടയിലുള്ളവരെ രംഗത്തിറക്കി അത് കരുത്താക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് പങ്കുവെയ്ക്കുന്നത്. അതേസമയം ഇരിങ്ങാലക്കുടയിലും ഗുരുവായൂരിലും വടക്കാഞ്ചേരിയിലും പരിചയസമ്പന്നരായ സ്ഥാനാർത്ഥികളാണ് യു.ഡി.എഫിന്റെ ശക്തി. കൊടുങ്ങല്ലൂരിലും മുതിർന്ന നേതാവായ എം.പി. ജാക്‌സൺ മത്സരാർത്ഥിയായി രംഗത്തുണ്ട്. എതിർപ്പുകളും ഭിന്നസ്വരങ്ങളും പൂർണ്ണമായും ഇല്ലാതാക്കി പ്രചാരണം ശരവേഗത്തിൽ നടക്കുകയാണെന്നാണ് യു.ഡി.എഫ് ക്യാമ്പ് ആത്മവിശ്വാസത്തോടെ വ്യക്തമാക്കുന്നത്.