കൊടുങ്ങല്ലൂർ: ജലവിതരണത്തിൽ കൊടുങ്ങല്ലൂരിലെ ഭരണസംവിധാനം പരാജയമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി ജാക്‌സൺ ആരോപിച്ചു. കൊടുങ്ങല്ലൂരിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈന്തലയിലെ ജലശുദ്ധീകരണശാലയിൽ ജനറേറ്ററുകൾ ഉൾപ്പടെയുള്ള സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. മുൻ എം.എൽ.എ പ്രതാപൻ ആവിഷ്‌ക്കരിച്ച വികസന പദ്ധതികളുടെ പൂർത്തീകരണം മാത്രമാണ് കൊടുങ്ങല്ലൂരിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്നത്. വി.ആർ സുനിൽ കുമാർ പാർട്ടി ചങ്ങലയിൽ കുടുങ്ങിയ എം.എൽ.എയാണെന്നും ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം പരാജയപ്പെട്ടതായും എം.പി ജാക്‌സൺ അഭിപ്രായപ്പെട്ടു. താൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ തനത് പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കുമെന്നും കൊടുങ്ങല്ലൂരിനെ മുൻനിര മണ്ഡലമാക്കുമെന്നും എം.പി ജാക്‌സൺ പറഞ്ഞു.