ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിന്റെ ഉത്ഭവകേന്ദ്രമായ വടക്കാഞ്ചേരിയിൽ ഇക്കുറി പോരാട്ടവും സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റും കോഴയും തിരഞ്ഞെടുപ്പിൽ മുഖ്യവിഷയമാകുമ്പോൾ ജനം തങ്ങളോടൊപ്പമെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫും. ഇരുമുന്നണികളെയും ഒരുപോലെ എതിർത്ത് എൻ.ഡി.എ കൂടി കളം നിറയുന്നതോടെ മണ്ഡലത്തിൽ മത്സരം തീപാറും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് സ്ഥാനാർത്ഥികൾ തന്നെ നയം വ്യക്തമാക്കുന്നു...
യു.ഡി.എഫിന് അഗ്നിപരീക്ഷ
ലൈഫ് മിഷനിൽ പ്രതിപക്ഷം ഉയർത്തിയ ആരോപണം ശരിയെന്ന് തെളിയിക്കാനുള്ള അഗ്നിപരീക്ഷയാണ് സ്ഥലം എം.എൽ.എ കൂടിയായ യു.ഡി.എഫ് സ്ഥാനാർത്ഥി അനിൽ അക്കരയ്ക്ക് ഇക്കുറി പോരാട്ടം.
പര്യടനം, ചര്യ
മണ്ഡലത്തിൽ നിന്ന് 24 കിലോമീറ്റർ ദൂരെയാണെങ്കിലും മെയും മനസും എന്നും വടക്കാഞ്ചേരിക്കൊപ്പമാണ് അനിൽ അക്കര. മണ്ഡലത്തിൽ നിന്നും അൽപ്പം ദൂരെയായതിനാൽ പുലർച്ചെ ഉണർന്ന് പ്രഭാതഭക്ഷണശേഷം അടാട്ട് നിന്നും വടക്കാഞ്ചേരിയെത്തും. പിന്നീട് രാത്രി 12 വരെ മണ്ഡലപര്യടനം. ഒമ്പത് പഞ്ചായത്തുകളിലും ആദ്യവട്ടപര്യടനം കഴിഞ്ഞു. രണ്ടാംഘട്ട പ്രചാരണം മുന്നേറുന്നു. ഇനിയുള്ള ദിവസം ഗൃഹ സന്ദർശനങ്ങൾ, മണ്ഡലം കൺവെൻഷനുകൾ എന്നിവ നടക്കും.
സ്ഥാനാർത്ഥി വിശേഷം
കഴിഞ്ഞ തവണ 43 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാൽ തന്റെ പ്രകടനവും വികസനവും പരിഗണിച്ച് ഭൂരിപക്ഷം കൂടുമെന്നാണ് അനിലിന്റെ വിശ്വാസം. വിശ്വാസികൾക്കൊപ്പം നിലകൊള്ളുന്ന യു.ഡി.എഫ് ഉയർത്തിയ ലൈഫ് മിഷൻ പാർപ്പിട പദ്ധതിയിലെ അഴിമതി ഉൾപ്പെടെ വോട്ടാകുമെന്നാണ് കണക്കുകൂട്ടൽ.
പാവപ്പെട്ടവന് അർഹതപ്പെട്ടതെല്ലാം കൊള്ളയടിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്. ഈ തിരഞ്ഞെടുപ്പിൽ ഈ വികാരം നിഴലിക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്.
എം.എൽ.എ എന്ന നിലയിൽ തുടങ്ങിവച്ച ഒട്ടേറെ പദ്ധതികൾ പൂർത്തീകരിക്കേണ്ടതുണ്ട്. സി.എൻ. ബാലകൃഷ്ണൻ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടൊപ്പം 600 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എം.എൽ.എ ആസ്തിഫണ്ടിൽ നിന്നും 25 കോടിയും എം.എൽ.എ ഫണ്ട് 5 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് വികസനം, സ്വരാജ് പാർപ്പിട പദ്ധതി, വടക്കാഞ്ചേരി ബൈപ്പാസ് റോഡ് എന്നിവയ്ക്കാണ് മുൻഗണന.
- അനിൽ അക്കര
ഉയിര് കൊടുത്തും മണ്ഡലം പിടിക്കാൻ എൽ.ഡി.എഫ്
വടക്കാഞ്ചേരി പിടിച്ചെടുക്കുന്നതിൽ കുറഞ്ഞതൊന്നും എൽ.ഡി.എഫിന്റെയും സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളിയുടെയും മനസിലില്ല. അഭിമാനപോരാട്ടത്തിൽ വിജയം എൽ.ഡി.എഫിനൊപ്പമാകുമെന്ന് നാട്ടുകാരൻ കൂടിയായ സേവ്യർ ഉറപ്പിക്കുന്നു.
പര്യടനം, ചര്യ
പുലർച്ചെ ആറിന് എഴുന്നേറ്റ് യോഗയും പ്രഭാതഭക്ഷണവും കഴിഞ്ഞ് പര്യടനത്തിനിറങ്ങും. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലും ഇതിനകം സന്ദർശനം കഴിഞ്ഞു. ലോക്കൽ കൺവെൻഷനുകൾ പൂർത്തിയാക്കി. ഇനിയുള്ളത് കുടുബയോഗങ്ങൾ, ഗൃഹ സന്ദർശനം, പൊതുയോഗങ്ങൾ. ഇതിനിടെ അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള എന്നിവരുടെ പരിപാടികളുണ്ട്.
സ്ഥാനാർത്ഥി വിശേഷം
കന്നിയങ്കമാണെങ്കിലും തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങൾ സേവ്യറിന് സ്വന്തം. 2004ൽ വൈദ്യുതി മന്ത്രിയായിരുന്ന കെ. മുരളീധരനെതിരെ ജനവിധി തേടുമ്പോൾ എ.സി. മൊയ്തീൻ ഒഴിഞ്ഞ ഏരിയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. തുടർന്ന് രണ്ട് തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനെ വിജയത്തിലെത്തിച്ചു. ഈ പഴയകാല അനുഭവങ്ങൾ ഊർജം പകരുമെന്നാണ് സേവ്യർ ചിറ്റിലപ്പിള്ളിയുടെ വിശ്വാസം.
മണ്ഡലത്തിലേക്ക് ലഭിച്ച വികസനം പോലും നിലവിലെ എം.എൽ.എ നടത്തിയില്ല. ഇതിൽ ജനം നിരാശരാണ്. വടക്കാഞ്ചേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം. ഇതിന് പുതിയ ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളെ ഒരുമിപ്പിച്ച് വടക്കാഞ്ചേരിയിലെ വികസനം നടപ്പിലാക്കും. വാഴാനി, പൂമല, പത്താഴക്കുണ്ട്, ചെപ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉൾപ്പെടുത്തി പദ്ധതികൾ തയ്യാറാക്കും. ലൈഫ് മിഷൻ ഭവനപദ്ധതി പ്രതിപക്ഷം മുടക്കിയതിൽ ജനം രോഷാകുലരാണ്. പ്രതിപക്ഷ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകും.
- സേവ്യർ ചിറ്റിലപ്പിള്ളി
ഇടത് - വലത് മുന്നണികളെ ചെറുക്കാൻ എൻ.ഡി.എ
ഇരുമുന്നണികളോടും പോരടിച്ച് എൻ.ഡി.എയുടെ സ്ഥാനം ഉറപ്പിക്കുകയെന്ന വലിയ ലക്ഷ്യമാണ് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ടി.എസ്. ഉല്ലാസ് ബാബുവിനുള്ളത്.
പര്യടനം, ചര്യ
അടാട്ട് പഞ്ചായത്തിലെ ചൂരക്കാട്ടുകര അഞ്ചാം വാർഡിലെ തൊളുവൻ പറമ്പിൽ എന്ന വീട്ടിലാണ് അഡ്വ. ഉല്ലാസ് ബാബുവിന്റെ താമസം. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനുറച്ച് കളത്തിലിറങ്ങിയിരിക്കുകയാണ്. രാവിലെ തന്നെ മണ്ഡലത്തിലേക്ക് പുറപ്പെടും. മുഴുവൻ സ്ഥലങ്ങളിലും ഇതിനകം എത്താൻ കഴിഞ്ഞു. കൺവെൻഷനുകളും നടന്നുവരുന്നു. വരുംദിവസങ്ങളിൽ പ്രവർത്തനം കൂടുതൽ സജീവമാക്കും.
സ്ഥാനാർത്ഥി വിശേഷം
രണ്ടാം തവണയാണ് അഡ്വ. ഉല്ലാസ് ബാബു വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത്. കഴിഞ്ഞ തവണ 26652 വോട്ടുകൾ നേടിയിരുന്നു. അനുകൂല ഘടകങ്ങൾ ഇക്കുറി ഏറെയുണ്ടെന്ന് ഉല്ലാസ് പറയുന്നു. മാറി മാറി ഭരിച്ച സർക്കാരുകൾ വടക്കാഞ്ചേരിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ഉല്ലാസിന്റെ പക്ഷം. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കുകയെന്നതും പ്രധാന ലക്ഷ്യം.
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ കേന്ദ്ര സഹായത്തോടെ വികസിപ്പിക്കും. എങ്കക്കാട്, മാരാത്തുകുന്ന് എന്നീ റെയിൽവേ ഗേറ്റുകൾ ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കും. വിലങ്ങൻ കുന്ന്, ഉത്രാളിക്കാവ്, മച്ചാട് തിരുവാണിക്കാവ്, എന്നിവയെ ഉൾപ്പെടുത്തി ടൂറിസം പദ്ധതി തയ്യാറാക്കും. മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ വികസന പ്രവർത്തനങ്ങൾക്ക് എൻ.ഡി.എ അധികാരത്തിൽ വരണം. വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ വടക്കാഞ്ചേരിയിൽ എൻ.ഡി.എയെ വിജയിപ്പിക്കും.
- അഡ്വ. ടി.എസ്. ഉല്ലാസ് ബാബു