
കണ്ടശ്ശാംകടവ് : കണ്ടശാംകടവ് മാമ്പുള്ളിയിൽ അച്ഛനെയും അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവിന്റെ മരണത്തിൽ ദുരൂഹത. വികലാംഗനായ ഗോപാലന് ഒറ്റയ്ക്ക് കൃത്യം നിർവഹിക്കാനാകില്ലെന്നതിനാലാണ് ദുരൂഹതയുള്ളത്. മകന്റെയോ ഭാര്യയുടെയോ സഹായം ഇല്ലാതെ തൂങ്ങി മരിക്കാനാകില്ലെന്നാണ് നിഗമനം. പക്ഷേ കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് അന്തിക്കാട് പൊലീസിൽ പരാതി നിലനിൽക്കുന്നുണ്ട്. ഇതാകാം മരണ കാരണമെന്നാണ് സംശയം.
പോസ്റ്റ് മോർട്ടത്തിന് ശേഷമേ ദുരൂഹത സംബന്ധിച്ച് സ്ഥിരീകരണമാകൂവെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. മാമ്പുള്ളി കോരത്ത് കുടുംബ ക്ഷേത്രത്തിന് സമീപം കോരത്ത് പരേതനായ ഉണ്ണീരിക്കുട്ടി മകൻ ഗോപാലൻ (73), ഭാര്യ മല്ലിക (65), മകൻ റിജോയ് ( 40) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ ക്ഷേത്രം തുറക്കാനെത്തിയ തറവാട്ടുകാരൻ വീടിന്റെ വാതിൽ തുറക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ഇവർ എഴുതിയതെന്ന് കരുതുന്ന എഴുത്തും താക്കോലും പുറത്തു കണ്ടെത്തിയത്. ഗോപാലന്റെയും മകൻ റിജോയിയുടെയും മൃതദേഹം നടുമുറിയിലും മല്ലികയുടെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്.
വിദേശത്തായിരുന്ന റിജോയ് ഏതാനും മാസമായി നാട്ടിലുണ്ട്. മാമ്പുള്ളി മരണാന്തര സമിതി ട്രഷറർ കൂടിയാണ് ഗോപാലൻ. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി സി. ആർ രാജേഷ്, അന്തിക്കാട് എസ്.എച്ച്.ഒ ജ്യോതീന്ദ്രകുമാർ പി, എസ്.ഐ സുധീഷ് കുമാർ, ജി.എസ്.ഐ സാജൻ, എ.എസ്.ഐ രഘുനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ എന്നിവരുടെ നിരീക്ഷണത്തിലാണ് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് ചെയ്തത്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഗോപാലന്റെ മകൾ: രഹന. റിജോയിയുടെ ഭാര്യ: രമ്യ. മകൻ: ഹൃതിൻകൃഷ്ണ.