ചാലക്കുടി: ഒരറ്റത്ത് കുടിവെള്ളത്തിനായി പെടാപാട്, മറ്റൊരിടത്ത് അതേ വെള്ളം മൂലം ഭീഷണി. ചാലക്കുടി കൂടപ്പുഴ ബ്രാഞ്ച് കനാലിലൂടെ മൂന്നു ദിവസമായി വെള്ളം ഒഴുകുന്നതിന്റെ കൗതുകാവസ്ഥയാണിത്. ജലസേചന വകുപ്പ് ക്വാർട്ടേഴ്‌സിന് സമീപത്തെ കണ്ണംകുളം നിറയ്ക്കുന്നതിന് വർഷത്തിലൊരിക്കൽ കൂടപ്പുഴ ബ്രാഞ്ച് കനാലിൽ വെള്ളം വിട്ടതു മൂലം നിരവധി വീടുകളിലേക്ക് വെള്ളം കയറുകയാണ്.
കൂടപ്പുഴ കപ്പേള പരിസരത്തെ കനാൽ പുറമ്പോക്കിലെ വീടുകളാണ് കൊടുംവേനലിലും വെള്ളക്കെട്ട് ഭീഷണിയിലായത്. ഇവിടെ കനാൽ കവിഞ്ഞൊഴുകുന്ന വെള്ളം പാടത്തും പറമ്പിലും കാർഷിക വിളകളെയും നശിപ്പിക്കുകയാണ്. ഒരു കിലോ മീറ്റർ താഴെയുള്ള ദേശീയ പാതയിലെ മേൽപ്പാലത്തിൽ നിലനിൽക്കുന്ന തടസമാണ് വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി ഇല്ലാതാക്കുന്നത്.
മേൽപ്പാല നിർമ്മാണ വേളയിൽ അടിഭാഗത്ത് തുരങ്കം മാതൃകയിൽ ഇട്ട വലിയ കോൺക്രീറ്റ് പൈപ്പ് ഒന്നര അടി ഉയർന്നിരുന്നു. അക്കാലം മുതൽ വർഷത്തിൽ ഒരു തവണയെങ്കിലും ഈ കനാലിൽ വിട്ടിരുന്ന വെള്ളം ഇല്ലാതായി. കനാൽ അവസാനിക്കുന്ന കണ്ണംകുളം നിറയ്ക്കുന്നതിന് കഴിഞ്ഞ നഗരസഭാ ഭരണസമിതി തീരുമാനിച്ചതോടെയാണ് വീണ്ടു ഇറിഗേഷൻ ക്വാർട്ടേഴ്‌സ് പരിസരത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായത്.
കൃഷി വകുപ്പ് അനുവദിച്ച 45 ലക്ഷം രൂപ ചെലവിൽ കുളം നവീകരിച്ചു. 2019 ജനുവരിയിൽ കുളത്തിലേക്ക് വെള്ളം എത്തിക്കുകയും ചെയ്തു. ഇപ്പോൾ ഏറെ വൈകിയാണെങ്കിലും മെയിൻ കനാലിൽ നിന്നും വിട്ട വെള്ളം കൂടപ്പുഴ ബ്രാഞ്ച് കനാലിലൂടെ എത്തിക്കുന്ന ദൗത്യമാണ് നടക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലെ വീടുകൾക്ക് ദോഷമാകുമെങ്കിലും രണ്ടു ദിവസം തുടർച്ചായായി കുളത്തിൽ വെള്ളം ഒഴുക്കുന്നതിനാണ് ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.