ചാലക്കുടി: അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആദിവാസിയുവാവ് രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ വനംവകുപ്പ് നൽകും. ആദ്യഗഡുവായ 5 ലക്ഷം രൂപ ശനിയാഴ്ച വീട്ടിലെത്തിക്കുമെന്ന് പരിയാരം റേഞ്ച് ഓഫീസർ മാത്യു പറഞ്ഞു.

ബാക്കിത്തുക രാജേഷിനെ സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കുന്ന മുറയ്ക്ക് നൽകും. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആളുകളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നൽകാനുള്ള സർക്കാർ തീരുമാനം ആറു മാസം മുമ്പാണ് പ്രഖ്യാപിച്ചത്. നേരത്തെ ഇതു മൂന്നു ലക്ഷമായിരുന്നു.

ആശുപത്രിയിൽ നിന്നുമെത്തിച്ച രാജേഷിന്റെ മൃതദേഹം പിള്ളപ്പാറയിലെ വീട്ടിൽ പൊതു ദർശനത്തിന് വച്ചു. ബി.ഡി. ദേവസി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ്, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്,​ സ്ഥാനാർത്ഥി ഡെന്നീസ് അന്റണി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. മൃതദേഹം പിന്നീട് അതിരപ്പിള്ളി ക്രിമറ്റോറിയത്തിൽ സംസ്‌കരിച്ചു.