ചാലക്കുടി: കൊമ്പിടിഞ്ഞാമാക്കൽ ഗോഡൗണിൽ അരി കയറ്റൽ ആരംഭിച്ചതോടെ റേഷൻ സാമഗ്രികൾ മുടങ്ങുമെന്ന ആശങ്കയ്ക്ക് അറുതിയായി. വെള്ളിയാഴ്ച എത്തിയ ഇരുപതോളം ലോറികളിൽ ചരക്ക് കയറ്റി വിട്ടു. ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് പ്രകാരമുള്ള കയറ്റ് കൂലിയിലെ തർക്കമാണ് രണ്ടാഴ്ചയായി റേഷൻ ഗോഡൗൺ നിശ്ചലമാകാൻ കാരണം.
വർദ്ധിപ്പിച്ച കൂലി ലഭിക്കാത്തതിനാൽ തൊഴിലാളികൾ ജോലിയിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെന്ന് കോൺട്രാക്ടർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തങ്ങളെ പഴിചാരുന്നത് ശരിയല്ലെന്നാണ് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കിയത്.
പുതിയ ആക്ട് പ്രകാരം വർദ്ധിപ്പിച്ച കൂലി ഫെബ്രുവരിയിൽ നൽകിയെന്നും മാർച്ച് മാസത്തിൽ അധിക കൂലി നൽകില്ലെന്ന നിലപാടിൽ ഗോഡൗണിലേക്ക് ലോറികൾ അയക്കാതിരിക്കുകയുമാണ് ചെയ്തതെന്നും ഭാരവാഹികൾ അറിയിച്ചു. ഇരുകൂട്ടരും തത്കാലം വിട്ടു വീഴ്ചകൾക്ക് തയ്യാറായതോടെയാണ് പ്രതിസന്ധിക്ക് വിരാമമായത്.