
തൃശൂർ : രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത എം.പിയായ സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്ന വാദവുമായി ടി.എൻ പ്രതാപൻ എം.പി. രാഷ്ട്രപതി നാമനിർദ്ദേശം ചെയ്താൽ ആ പദവിയെ കളങ്കപ്പെടുത്തരുത്.
അങ്ങനെയുണ്ടായാൽ ചോദ്യം ചെയ്യുമെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. നാമനിർദ്ദേശം ചെയ്ത അംഗം പാർട്ടി അംഗത്വമെടുക്കുകയോ മത്സരിക്കുകയോ ചെയ്താൽ അയോഗ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതായും പ്രതാപൻ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ നിബന്ധന അറിഞ്ഞിരുന്നില്ല. അതിനാലാണ് അന്നുതന്നെ സുരേഷ് ഗോപിക്കെതിരെ പരാതിപ്പെടാത്തത്. നാളെ രാഷ്ട്രപതിക്കോ, ഉപരാഷ്ട്രപതിക്കോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോ പരാതി നൽകും.
എന്നാൽ കോൺഗ്രസ് നേതാക്കളുടെ വാദം അസംബന്ധമാണെന്ന് ബി.ജെ.പി നേതാവ് അഡ്വ.ബി. ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. സുരേഷ്ഗോപി മത്സരിക്കാനെത്തിയതോടെ കോൺഗ്രസ് നേതാക്കൾക്ക് വല്ലാതെ വിഭ്രാന്തി ബാധിച്ചിരിക്കുകയാണ്. മുമ്പ് പഞ്ചാബിലും രാജസ്ഥാനിലും ഇത്തരം സംഭവമുണ്ടായിട്ടുണ്ട്. അന്ന് കോൺഗ്രസ് അംഗങ്ങളായിരുന്നു മത്സരിച്ചത്. കോൺഗ്രസ് വാദം നിയമപരമായി നിലനിൽക്കില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ
പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാക്കൾ കൺവെൻഷനെ അഭിസംബോധന ചെയ്യും.
തൃശൂർ ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ കൺവെൻഷനിൽ പങ്കെടുക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ബാലചന്ദ്രൻ ഇന്ന് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെ അയ്യന്തോൾ മേഖലയിൽ കാൽനടയായി ഷോ സ്ക്വാഡ് നടത്തും. അതോടൊപ്പം വോട്ടർമാരെ നേരിൽ കണ്ടും സ്ഥാപനങ്ങളിൽ സന്ദർശിച്ചും വോട്ടഭ്യർത്ഥിക്കും. വൈകിട്ട് ആറിന് തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലും സ്ഥാനാർത്ഥി പങ്കെടുക്കും.