
തൃശൂർ: ശബരിമല വിഷയത്തിൽ എൻ.എസ്.എസിനെ വിമർശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൻ.എസ്. എസ് കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി, സർക്കാർ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരുന്നതുവരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
എൻ.എസ്.എസ് നാമജപം നടത്തുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഓരോരുത്തരും അവരവരുടെ പരിപാടി നടത്തും. അതിന് തനിക്കൊന്നും ചെയ്യാൻ പറ്റില്ല. എല്ലാ സർവ്വേകളും തുടർഭരണം പ്രവചിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ നാട്ടിലെ സ്ഥിതിയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു മറുപടി. സാഹചര്യം എൽ.ഡി.എഫിന് അനുകൂലമാണ്.
കൊവിഡ് വ്യാപന തരംഗത്തിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. വാക്‌സിൻ വിതരണം വേഗത്തിലാക്കും. സംസ്ഥാനങ്ങൾ തമ്മിൽ അതിർത്തി അടയ്ക്കുന്നത് ശരിയായ പ്രവണതയല്ല. ഇത്തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ തുടർനടപടികളുമായി മുന്നോട്ട് പോകും.
എൽ.ഡി.എഫ് പ്രകടനപത്രിക മറ്റ് പാർട്ടികളുടേതുപോലെ വെറും വാഗ്ദാനങ്ങളല്ല. പറയുന്ന കാര്യം ഗൗരവമായി നടപ്പാക്കുക എന്നതാണ് എൽ.ഡി.എഫിന്റെ സമീപനം. വാഗ്ദാനങ്ങൾ നടപ്പാക്കാതെ കബളിപ്പിക്കില്ല.
കഴിഞ്ഞ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും നടപ്പാക്കി. എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കാറുണ്ട്. സംസ്ഥാനത്ത് പരമ ദരിദ്രർ എന്ന അവസ്ഥ ഇല്ലാതാക്കും.
ഇതിനായി സമഗ്ര പദ്ധതി നടപ്പാക്കും.ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീടുകൾ കൂടി നിർമ്മിക്കും.
വിശ്വാസികൾക്ക് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല: സുകുമാരൻ നായർ
കോട്ടയം: വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ഇതുതന്നെയാണ് വിശ്വാസികൾക്ക് ഇവരോടുള്ള അവിശ്വാസത്തിനും കാരണം. ശബരിമല വിഷയത്തിൽ കാനം രാജേന്ദ്രനെ ന്യായീകരിച്ച മുഖ്യമന്ത്രി എൻ.എസ്.എസിനെ പരോക്ഷമായി വിമർശിക്കുകയാണ്. തിരഞ്ഞെടുപ്പടുത്തപ്പോൾ മന്ത്രി കടകംപള്ളി ഖേദം പ്രകടിപ്പിച്ചു. കടകംപള്ളിയെ തിരുത്തിയും, സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് തുടരുമെന്ന് വ്യക്തമാക്കിയും പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തെത്തി. മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമർശിക്കാതെ സുപ്രീംകോടതിയുടെ അന്തിമവിധി വിശ്വാസികൾക്ക് ഏതെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തി.
വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തവും സത്യസന്ധവുമായ നിലപാടുണ്ടായിരുന്നെങ്കിൽ നേതാക്കന്മാർക്കിടയിൽ ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. എൻ.എസ്.എസിനെതിരെയുള്ള കാനത്തിന്റെ പ്രസ്താവനയിൽ പ്രതിഷേധിക്കാനാണ് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നാമജപഘോഷയാത്ര നടത്തിയത്. അതിൽ പങ്കെടുത്ത എൻ.എസ്.എസ് പ്രവർത്തകർക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.