
തൃശൂർ: ആരവങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും ഇടയിലൂടെ കടന്നുവന്ന് ജില്ലയിലെ അഞ്ച് തിരഞ്ഞെടുപ്പ് പ്രചാരണപൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തരംഗമായപ്പോൾ, ഇടതുമുന്നണി നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം ഇരട്ടിച്ചു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എണ്ണിയെണ്ണി പറഞ്ഞും വികസനപ്രവർത്തനങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയുമാണ് എല്ലാ പൊതുയോഗങ്ങളിലും അദ്ദേഹം പ്രസംഗിച്ചത്.
രാവിലെ ഒമ്പതരയ്ക്ക് ചെറുതുരുത്തിയിൽ മാദ്ധ്യമങ്ങളുടെ മുന്നിൽ വികസനനേട്ടങ്ങൾ വിവരിച്ചായിരുന്നു തുടക്കം. 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കൃഷിക്കാരന്റെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കുമെന്നും പറഞ്ഞ അദ്ദേഹം, ക്ഷേമപെൻഷൻ 2500 രൂപയിലേക്ക് കൂട്ടാനാണ് ഉദ്ദേശിക്കുന്നത്. ലൈഫ് ഫ്ളാറ്റ് വിവാദമുണ്ടായ ജില്ലയിലെത്തിയ അദ്ദേഹം ഒരു കാര്യം ഊന്നിപ്പറഞ്ഞു, പദ്ധതി വഴി 5 ലക്ഷം വീട് കൂടി നൽകുമെന്ന്. പിന്നീട് ചേലക്കരയിലേക്കായിരുന്നു യാത്ര. ചേലക്കര സെൻ്ററിൽ അരമണിക്കൂറിലേറെ സമയം പ്രസംഗിച്ചു. ആയിരങ്ങളായിരുന്നു പ്രിയനേതാവിനെ കാണാനെത്തിയത്. കുന്നംകുളം വടക്കാഞ്ചേരി റോഡിൽ നടന്ന പൊതുയോഗത്തിലും ചേലക്കരയിലുളളതു പോലെ ജനക്കൂട്ടമുണ്ടായിരുന്നു. അരമണിക്കൂറിനുള്ളിൽ പറയാനുള്ളതെല്ലാം ചുരുക്കിപ്പറഞ്ഞ് അദ്ദേഹം മടങ്ങി. ഇരിങ്ങാലക്കുടയിലും പുതുക്കാടും പങ്കെടുത്ത ശേഷമായിരുന്നു തെക്കേഗോപുരനടയിലെ യോഗത്തിനെത്തിയത്. സ്ഥാനാർത്ഥികളും നഗരത്തിൻ്റെ പരിസരപ്രദേശങ്ങളിലെ ആയിരകണക്കിന് പ്രവർത്തകരും നേതാക്കളും അവിടെയെത്തിയിരുന്നു.
പൊതുയോഗങ്ങൾക്കൊപ്പം സംഗമങ്ങളും
വരുംദിവസങ്ങളിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്കൊപ്പം 31 വരെ കുടുംബസംഗമങ്ങളിലും മുന്നണികൾ ശ്രദ്ധപുലർത്തും. സമ്മേളനങ്ങൾക്കും ചുവരെഴുത്തിനും അപ്പുറം വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുമെന്നതിനാലാണ് കുടുംബസംഗമങ്ങൾ സജീവമാക്കുന്നത്. എൽ.ഡി.എഫും യു.ഡി.എഫും കുടുംബസംഗമങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമിട്ടിരുന്നു. ഇന്നലെ എൻ.ഡി.എയുടേതും തുടങ്ങി. വൈകിട്ട് പ്രാദേശിക നേതാക്കളുടെ വീട്ടിലും മറ്റുമാണ് സംഗമം നടക്കുന്നത്. രാത്രിയിലും സംഗമം നടക്കുന്നുണ്ട്. വനിതാപ്രാതിനിധ്യം ലക്ഷ്യമിട്ടാണ് കുടുംബസംഗമങ്ങളിൽ ഊന്നൽ കൊടുക്കുന്നത്. പാർട്ടികളുടെ നേതൃത്വത്തിലാണ് സംഗമങ്ങൾ നടത്തുന്നത്. കുടുംബസംഗമങ്ങളിൽ നിന്ന് ബൂത്ത് തലത്തിലുള്ള സ്‌ക്വാഡുകൾക്കും സി.പി.എം രൂപം നൽകും. വനിതകൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നിവർക്കായി പ്രത്യേകം സ്‌ക്വാഡാണ് ഉണ്ടാക്കുന്നത്.
ഗുരുവായൂരിൽ ബി.ജെ.പിയിൽ പ്രതിസന്ധി
ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും മഹിളാമാേർച്ച സംസ്ഥാന അദ്ധ്യക്ഷയുമായ അഡ്വ. നിവേദിതയുടെ പത്രിക തള്ളിയത് ബി.ജെ.പിക്കു് തിരിച്ചടിയായി. ബി.ജെ.പിയുടെ ശക്തയായ സ്ഥാനാർത്ഥികളിലൊരാളായിരുന്നു നിവേദിത. പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരിക്കെയാണ് ഈ തിരിച്ചടി. ബി.ജെ.പിക്ക് സ്ഥാനാർത്ഥി ഇല്ലാതായാൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്.
ഗുരുവായൂർ നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളിയത് വെറുമൊരു പിഴവല്ല. ബോധപൂർവ്വമുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്. ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി മഹിളാ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റും തിരഞ്ഞെടുപ്പ് സമിതിയിലെ അംഗവും അഭിഭാഷകയുമാണ്. മുമ്പ് ഇതേ മണ്ഡലത്തിൽ മത്സരിച്ചയാളുമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.എൻ.എ ഖാദർ രംഗപ്രവേശം ചെയ്തതോടെ, തോൽവി മുന്നിൽക്കണ്ട് വോട്ട് കച്ചവടത്തിനുള്ള സി.പി.എം - ബി.ജെ.പി രഹസ്യധാരണയാണ് ഇതിന് പിന്നിൽ. അവിണിശേരിയിലും തിരുവില്വാമലയിലും നടന്ന നാടകം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുകയാണ്.
എം.പി വിൻസെന്റ്
ഡി.സി.സി പ്രസിഡന്റ്
രാഷ്ട്രീയം നോക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായി ഫണ്ടുകള്‍ അനുവദിക്കുന്നത്. സംസ്ഥാനത്തിനായി പ്രഖ്യാപിച്ച കേന്ദ്ര പദ്ധതികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. മെട്രോ, ഗ്യാസ് പൈപ്പ്ലൈന് പദ്ധതികള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. കേന്ദ്ര ബഡ്ജറ്റില്‍ സംസ്ഥാനത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും സംസ്ഥാനത്ത് നടപ്പാക്കാനായി സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടില്ല. പദ്ധതികളെ രാഷ്ട്രീയവത്കരിച്ച് തടസപ്പെടുത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. തൊഴിലില്ലായ്മ സംസ്ഥാനത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
വൈ. സത്യകുമാര്‍.
ബി.ജെ.പി ദേശീയ സെക്രട്ടറി