ചേർപ്പ്: ആറാട്ടുപുഴ തിരുവാതിര വിളക്ക് ഇന്ന് രാത്രി രണ്ടിന് നടക്കും. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലാണ് ശാസ്താവിന്റെ തിരുവാതിര പുറപ്പാട് നടക്കുക. തിമില പാണി കൊട്ടി ശാസ്താവിന്റെ തിടമ്പ് കൈയിൽ വച്ച് ഒരു പ്രദക്ഷിണം കഴിഞ്ഞാൽ ചെമ്പട കൊട്ടി പുറത്തേയ്ക്ക് എഴുന്നള്ളി പ്രദക്ഷിണം തുടങ്ങും. ക്ഷേത്രത്തിന്റെ വടക്കെ പ്രദക്ഷിണ വഴിയിൽ ചെമ്പട അവസാനിച്ചാൽ വിസ്തരിച്ച വിളക്കാചാരം. തുടർന്ന് വലം തലയിലെ ശ്രുതിയോടു കൂടി ഒന്നര പ്രദക്ഷിണം കഴിഞ്ഞ് തെക്കോട്ട് അഭിമുഖമായി നിന്ന് കുറുകൊട്ടി അവസാനിക്കും. കിഴക്കെ നടയിൽ വിസ്തരിച്ച കേളി, കുഴൽപ്പറ്റ്, കൊമ്പ് പറ്റ് എന്നിവ നടക്കും. തുടർന്ന് ഏഴ് വരെ അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചാരിമേളം നടക്കും. മേളം പടിഞ്ഞാറെ നടപ്പുരയിൽ അവസാനിച്ചാൽ ഇടയ്ക്ക പ്രദക്ഷിണം. തുടർന്ന് എട്ടോടു കൂടി തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേയ്ക്ക് ശാസ്താവ് എഴുന്നള്ളും.