nattika

തൃപ്രയാർ: ഗീതാഗോപി രണ്ടുവട്ടം വിജയിച്ച നാട്ടിക മണ്ഡലം ഇക്കുറി ചുവപ്പ് കോട്ടയായി നിലനിൽക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എറെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇക്കുറി ഗീതാഗോപിയെ ഒഴിവാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.സി മുകുന്ദനെ പ്രഖ്യാപിച്ചത്.

ജനപ്രിയയായി മാറിയ ഗീതാഗോപിയെ ഒഴിവാക്കിയത് വോട്ടർമാരിൽ അമ്പരപ്പും എതിർപ്പുമുളവാക്കി. എം.എൽ.എ എന്ന നിലയിൽ നാട്ടിക മണ്ഡലത്തിൽ ഗീതാഗോപി എറെ പ്രവർത്തന മികവ് നേടിയെടുത്തിരുന്നു. അവരെ ഒഴിവാക്കിയതിൽ വോട്ടർമാർ കടുത്ത അമർഷത്തിലാണ്. പകപ്പിലായ നേതൃത്വം ഇടപെട്ട് ഗീതാ ഗോപിയെ പ്രചാരണത്തിനിറക്കിയിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി സുനിൽ ലാലൂരും എൻ.ഡി.എയ്ക്കായി ലോചനൻ അമ്പാട്ടുമാണ് മത്സരരംഗത്തുള്ളത്.

2011ലാണ് നാട്ടിക മണ്ഡലം രൂപീകരിച്ചത്. തുടർന്ന് രണ്ട് തവണയും വിജയം എൽ.ഡി.എഫിനായി. മുമ്പ് പഴയ നാട്ടികയിൽ എൽ.ഡി.എഫും, യുഡി.എഫും തുല്യശക്തികളായിരുന്നു. 2001ൽ കൃഷ്ണൻ കണിയാംപറമ്പിലിനെ പരാജയപ്പെടുത്തിയാണ് ടി.എൻ പ്രതാപൻ നിയമസഭയിലെത്തിയത്. തളിക്കുളത്തുകാരനായ പ്രതാപന്റെ രാഷ്ടീയ ജീവിതത്തിലെ ഉയർച്ചയുടെ തുടക്കം.
നാട്ടിക മണ്ഡലം വിഭജനത്തോടെ പട്ടികജാതി സംവരണമായി. പഴയ മണ്ഡലത്തിലെ നാട്ടിക, തളിക്കുളം, വലപ്പാട് എന്നിവ പുതിയ നാട്ടികയിൽ ഉൾപ്പെടുത്തി. ഇടത് ശക്തികേന്ദ്രങ്ങളായ അന്തിക്കാട്, ചാഴൂർ, താന്ന്യം, പാറളം പഞ്ചായത്തുകൾ ഉൾപ്പെട്ടതോടെ നാട്ടിക ചുവന്നു. 2011ൽ ഗീതാഗോപി 15,000 വോട്ടുകളോടെയും 2016ൽ 26,777 വോട്ടുകളുടെയും ഭൂരിപക്ഷത്തിൽ വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ പഞ്ചായത്തുകളിലെ വിജയത്തിൽ പ്രതീക്ഷ വയ്ക്കുകയാണ് ഇടത് ക്യാമ്പ്.

എന്നാൽ ഗീതാഗോപിയില്ലാത്തത് യു.ഡി.എഫിന് വിജയപ്രതീക്ഷ നൽകുന്നു. തീരദേശപഞ്ചായത്തുകളായ നാട്ടിക, വലപ്പാട്, തളിക്കുളം പഞ്ചായത്തുകളിൽ മുന്നേറ്റം ഉണ്ടാക്കാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. മൂന്ന് മുന്നണിയും തീപാറുന്ന പോരാട്ടമാണ് നടത്തുന്നത്. ലോകസഭയിലേക്ക് സുരേഷ് ഗോപി മത്സരിച്ചപ്പോഴുണ്ടായ വോട്ട് വർദ്ധനവും തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനവും വോട്ടായി മാറുമെന്ന വിശ്വാസമാണ് ബി.ജെ.പിക്കുള്ളത്. ആർ.എം.പി യു.ഡി.എഫിനൊപ്പമാണെങ്കിലും തളിക്കുളത്തെ സി.പി.എം വിമതർ ആർക്ക് വോട്ട് ചെയ്യുമെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

തദ്ദേശത്തിൽ ഇടതിന് മേൽക്കൈ

തദ്ദേശ തിരഞ്ഞെടുപ്പിൽ ചേർപ്പ് മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. അവിണിശ്ശേരിയിൽ ബി.ജെ.പിക്കാണ് മുൻതൂക്കം.

മറ്റ് പഞ്ചായത്തുകൾ ഇടതിനൊപ്പവും. അന്തിക്കാട്, തളിക്കുളം, ചേർപ്പ് ബ്‌ളോക്ക് പഞ്ചായത്തുകളും ഇടതിനൊപ്പമാണ്.


2016 ലെ നിയമസഭ

ഗീതാഗോപി (സി.പി.ഐ) 70218
കെ.വി ദാസൻ (കോൺഗ്രസ്) 43441
ടി.വി ബാബു (ബി.ഡി.ജെ.എസ്) 33650.