കൊടുങ്ങല്ലൂർ: വോട്ട് അഭ്യർത്ഥനക്കിടയിലും കയ്പമംഗലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി ടൈസൺ മാസ്റ്റർ കക്കിരി പാടത്ത് വിളവെടുപ്പിന്റെ തിരക്കിലാണ്. പ്രവർത്തകർക്കൊപ്പം വോട്ടർമാരെ കാണുന്നതിനിടയിൽ കക്കിരി കൃഷിക്കാരനായ പൊങ്കോവ് സ്വദേശി രാജുവിന്റെ കൃഷിയിടത്തിലാണ് സ്ഥാനാർത്ഥി വിളവെടുപ്പിനിറങ്ങിയത്. രാജുവിനോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ തന്റെ കൃഷിയിടത്തിൽ വിളവെടുക്കാമോ എന്ന ചോദ്യത്തിന് ടൈസൺ മാഷ് മറിച്ചൊന്നും ചിന്തിക്കാതെ കൃഷിയിടത്തിലേക്കിറങ്ങുകയായിരുന്നു. രാജുവും കുടുംബവും വളരെ സന്തോഷത്തോടെയാണ് സ്ഥാനാർത്ഥിയെയും പ്രവർത്തകരെയും സ്വീകരിച്ചത്. വിളവെടുപ്പിന് ശേഷം പഞ്ചായത്ത് ഗ്രൗണ്ടിലെ ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത സ്ഥാനാർത്ഥി പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി തുടങ്ങിയ പ്രദേശങ്ങളിലും പര്യടനം നടത്തി.