
തൃശൂർ : ഗുരുവായൂരിൽ പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് ജില്ലയിൽ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി. ഇത്രയും നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തയ്യറാക്കുന്നതിൽ ഗുരുതരമായ വീഴ്ച്ച വന്നത് വലിയ ആരോപണങ്ങൾക്ക് വഴിവച്ചു.
മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും അഭിഭാഷകയും തിരഞ്ഞെടുപ്പ് സമിതി അംഗവുമായിട്ട് പോലും ഇത്തരം വീഴ്ച്ച വന്നതിനെതിരെ വലിയ പ്രതിഷേധമാണ് അണികൾക്ക് ഇടയിൽ ഉയർന്നത്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തന്നെ ഗുരുവായൂരിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അവസാന സമയത്ത് മാത്രമാണ് പത്രിക നൽകാനെത്തിയത്.
അതുകൊണ്ട് തന്നെ വരണാധികാരി പിഴവ് ചൂണ്ടിക്കാട്ടിയെങ്കിലും ആവശ്യമായ രേഖകൾ എത്തിക്കുന്നതിന് സമയം ലഭിക്കാതെ പോയി. ഇന്നലെ സംസ്ഥാന പ്രസിഡന്റിന്റെ കത്ത് ഹാജരാക്കിയെങ്കിലും അത് സ്വീകരിക്കാൻ വരണാധികാരി തയ്യാറായില്ല. പോസ്റ്ററുകൾ അടിച്ചും ചുമരെഴുത്തുകൾ നടത്തിയും മുന്നേറുന്നതിനിടയിലാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കി പത്രിക തള്ളിയത്.
സ്ഥാനാർത്ഥിയുടെ ആദ്യഘട്ടപര്യടനവും നിയോജക മണ്ഡലം കൺവെൻഷനും പൂർത്തിയാക്കിയിരുന്നു. ദേശീയ വക്താവായ ഗോപാലകൃഷ്ണ അഗർവാളാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. ഇതിനിടെ നിരുത്തരവാദ സമീപനം സ്വീകരിച്ചവർക്കെതിരെ പാർട്ടിതലത്തിൽ നടപടി ഉണ്ടായേക്കും.
ഗുരുവായൂരിൽ ഇനി എന്ത് ?
പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന ബി.ജെ.പിക്ക് അനുകൂല വിധി ലഭിച്ചില്ലെങ്കിൽ ഇനി മണ്ഡലത്തിൽ ആരെ പിൻതുണയ്ക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പുറമേ എസ്.യു.സി.ഐ , എസ്.ഡി.പി.ഐ എന്നിവർക്ക് പുറമേ ഒരു സ്വതന്ത്രനുമാണ് മത്സരരംഗത്തുള്ളത്. ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും തീരുമാനം.
പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കും. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഡ്വ. കെ.ആർ ഹരി
ബി.ജെ.പി ജില്ലാ സെക്രട്ടറി