
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചു മടങ്ങിയ ഉടൻ വേദിയിൽ യുവാവിന്റെ പരാക്രമം. പ്രസംഗിക്കുകയായിരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണിനെ തള്ളി വീഴ്ത്തി. പ്രസംഗ സ്റ്റാൻഡും മൈക്കും അടക്കം വീണു. ബേബി ജോണിന് പരിക്കില്ല. വേദിയിലുണ്ടായിരുന്ന മന്ത്രി വി.എസ്. സുനിൽ കുമാറും മറ്റ് നേതാക്കളും റെഡ് വോളണ്ടിയർമാരും അക്രമിയെ പിടികൂടി പുറത്തിറക്കി. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂറാണ് അക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന സൂചനയെ തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി.
തേക്കിൻകാട് മൈതാനിയിൽ വൈകിട്ട് ഏഴിനായിരുന്നു പിണറായി വിജയന്റെ പ്രസംഗം. മുഖ്യമന്ത്രി മടങ്ങിയ തക്കംനോക്കി ആരുടെയും ശ്രദ്ധയിൽപ്പെടാതെ യുവാവ് വേദിയിൽ കയറി കസേരയിലിരിക്കുകയായിരുന്നു.
റെഡ് വോളണ്ടിയർമാർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് മന്ത്രി സുനിൽകുമാർ അടുത്തെത്തി കാര്യം തിരക്കി. ചെന്ത്രാപ്പിന്നിയിലാണ് വീടെന്നും പേര് ഷുക്കൂറെന്നും പറഞ്ഞു. വേദിയിൽ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശല്യമുണ്ടാക്കാതെ ഇരുന്നോളാമെന്നായിരുന്നു പ്രതികരണം. പിന്നീട് ഇറങ്ങിപ്പോകുകയാണെന്ന മട്ടിൽ എഴുന്നേറ്റ് പ്രസംഗിച്ചുകൊണ്ടിരുന്ന ബേബിജോണിനെ തള്ളിവീഴ്ത്തുകയായിരുന്നു. മുഖ്യമന്ത്രി എത്തുംമുമ്പ് സ്‌റ്റേജിന് സമീപം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ച വൃദ്ധനെ പൊലീസ് കസ്റ്റഡിയിലെത്തിയിരുന്നു.