പാവറട്ടി: പാവറട്ടി സെന്റ് ജോസഫ്‌സ് തീർത്ഥ കേന്ദ്രത്തിൽ നടന്ന വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളിന് എത്തിയ വിശ്വാസികളെ കണ്ട് വോട്ട് അഭ്യർത്ഥിക്കാനെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി മുരളി പെരുനെല്ലിയും യു.ഡി.എഫ് സ്ഥാനാർത്ഥി വിജയ് ഹരിയും മുഖാമുഖം കണ്ടതോടെ രാഷ്ട്രീയ എതിർപ്പുകൾ സ്‌നേഹാന്വേഷണങ്ങൾക്ക് വഴിമാറി.
ഇരുസ്ഥാനാർത്ഥികളും കുശലന്വേഷണങ്ങളിലേക്ക് തിരിഞ്ഞതോടെ അണികളിലും സൗഹൃദം പ്രകടമായി. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണനും പിറകെയെത്തി വോട്ട് അഭ്യർത്ഥിച്ചു മടങ്ങി. തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ ഐനിക്കൽ, മൂന്ന് സ്ഥാനാർത്ഥികളെയും ഹൃദയപൂർവം സ്വീകരിച്ചു.
ടി.വി. ഹരിദാസൻ, വി.ജി. സുബ്രഹ്മണ്യൻ, വി.എസ്. ശേഖരൻ, വി.കെ. ജോസഫ്, വി.വി. സേവിയർ, ഒ.ജെ. ഷാജൻ മാസ്റ്റർ, എ.ടി.ആന്റോ, സുധീഷ് മേനോത്ത് പറമ്പിൽ, പ്രവീൺ പറങ്ങാട്ടിൽ, സുധീഷ് മരുതയൂർ തുടങ്ങിയവരും സ്ഥാനാർത്ഥികൾക്ക് ഒപ്പമുണ്ടായിരുന്നു.