ചാലക്കുടി: അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി സാമൂഹിക വനവത്കരണ ഡിവിഷൻ, ചാലക്കുടി റേഞ്ച് പരിധിയിൽ 'കരുതി വെക്കാം പക്ഷികൾക്കായ് ഇത്തിരി ദാഹജലം' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. കടുത്ത വേനലിനെ അതിജീവിക്കാൻ പക്ഷികൾക്ക് വെള്ളം നൽകി അവയെ കരുതുക എന്ന ആശയത്തിൽ പക്ഷികൾക്കായി വാട്ടർ പോട്ട് വിവിധയിടങ്ങളിൽ സ്ഥാപിക്കലാണ് പദ്ധതി.
മൊബൈൽ സ്‌ക്വാഡ് ഓഫീസ് അങ്കണത്തിൽ സ്ഥാപിച്ച വാട്ടർ പോട്ടിൽ ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാർ വെള്ളം നിറച്ച് ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി മെക്കാനിക്കൽ സബ്ഡിവിഷൻ ഓഫീസ് അങ്കണത്തിൽ മെക്കാനിക്കൽ സബ്ഡിവിഷൻ എ. ഇ. നന്ദകുമാറും സിവിൽ സപ്ലൈ ഓഫീസ് പരിസരത്ത് സ്റ്റോർ കസ്റ്റോഡിയൻ കൊച്ചനിയനും പദ്ധതിയുടെ ഭാഗമായി പോട്ടുകളിൽ വെള്ളം നിറച്ചു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.എ. മുഹമ്മദ് ഷെറീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. ബാബുരാജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ആർ. ജയകുമാർ, സി.ആർ. ജോസഫ്, എ.എം. അഷറഫ്, എം.പി. ശശികുമാർ എന്നിവർ വിവിധ ഇടങ്ങളിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.