ഗുരുവായൂർ: ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ ചൊല്ലി പാർട്ടിക്കുള്ളിൽ ഭിന്നത. നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ പിടിപ്പുകേടാണ് നാമനിർദ്ദേശ പത്രിക തള്ളുന്നതിന് ഇടയാക്കിയതെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിട്ടുള്ളത്. അതേസമയം ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് പത്രിക തള്ളപ്പെടുന്നതിന് ഇടയാക്കിയതെന്നാണ് നിയോജക മണ്ഡലം ഭാരവാഹികളുടെ അഭിപ്രായം.
നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിക്കേണ്ട സംസ്ഥാന പ്രസിഡന്റിന്റെ സത്യവാങ്മൂലത്തിൽ സീല് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഒപ്പ് ഇടാതെയാണ് സത്യവാങ്മൂലം അയച്ചു തന്നിരുന്നതെന്നുമാണ് മണ്ഡലം ഭാരവാഹികൾ പറയുന്നത്. ഇത് സംസ്ഥാന പ്രസിഡന്റിന്റെ വീഴ്ചയാണ്. പ്രസിഡന്റിന്റെ ഒപ്പില്ലായെന്നത് പത്രിക സമർപ്പിക്കുമ്പോൾ ശ്രദ്ധയിൽപ്പെട്ടിരുന്നതായും സൂക്ഷ്മ പരിശോധനാ സമയത്തിന് മുമ്പ് സത്യവാങ്മൂലം വീണ്ടും സമർപ്പിക്കുന്നതിന് വരാണാധികരിയുടെ സമ്മതം ലഭിച്ചിരുന്നതാണ്. എന്നാൽ സൂക്ഷ്മ പരിശോധനയ്ക്ക് മുമ്പ് സത്യവാങ്മൂലം ഹാജരാക്കിയെങ്കിലും സ്വീകരിക്കാൻ വരണാധികാരി തയ്യാറായില്ലെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു.
എന്നാൽ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പരിശോധിക്കേണ്ടതും അപാകതകൾ പരിഹരിക്കേണ്ടതും ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നെന്നും പത്രിക തള്ളാൻ ഇടയാക്കിയത് നിയോജക മണ്ഡലം ഭാരവാഹികളുടെ ഉത്തരവാദിത്വമില്ലായ്മയാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. സ്ഥാനാർത്ഥിയുടെ പത്രിക തള്ളാൻ ഇടയായ സാഹചര്യത്തിൽ നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചു വിടണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത് ഗുരുവായൂരിലെ ബി.ജെ.പിയിൽ വലിയ പ്രതിസന്ധിക്ക് ഇടയാക്കും.