കൊടകര: സഹൃദയ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി സ്റ്റാർട്ട് അപ്പ് കമ്പനി സെറ ബയോടെക്കിന് പത്ത് ദശലക്ഷം യു.എസ് ഡോളർ നിക്ഷേപം ലഭിച്ചു. ദുബായ് ആസ്ഥാനമായുള്ള ടി.സി.എൻ ഇന്റർനാഷണൽ കൊമേഴ്സ് എൽ.എൽ.സി എന്ന കമ്പനിയിൽ നിന്നാണ് സെറയുടെ ബി ലൈറ്റ കുക്കീസ് ബ്രാൻഡിന് ആൽഗ സീവീഡ് ടെക്‌നോളജി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥി സ്റ്റാർട്ട് അപ്പ് നിക്ഷേപം ലഭിച്ചത്. ഇത് സംബന്ധിച്ച് സെറ ബയോടെക് സ്ഥാപകനും സി.ഇ.ഒയുമായ നജീബ് ബിൻ ഹനീഫ്, ടി.സി.എൻ ഇന്റർനാഷണൽ കൊമേഴ്സ് എൽ.എൽ.സി ചെയർമാൻ ഡോ. മുഹമ്മദ് ഷാഫി അബ്ദുള്ള എന്നിവർ ധാരണ പത്രം ഒപ്പിട്ടു.
കടലിലെ മൈക്രോ ആൽഗകൾ ഉപയോഗിച്ച് ഊർജ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഗവേഷണം നടത്തുന്നതിനും, ഉത്പാദനം, വിതരണം, വിപണനം എന്നിവയ്ക്കുമാണ് തുക വിനിയോഗിക്കുക. സഹൃദയ എൻജിനിയറിംഗ് കോളേജിലെ ബയോടെക്‌നോളജി വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് നജീബ് സെറ ബയോടെക് സ്ഥാപിച്ചത്. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ സഹൃദയ ഐ.ഇ.ഡി.സിയിലൂടെ ഐസർ സ്വി്ര്രഫിന്റെ സാങ്കേതിക സഹായം സ്വീകരിച്ചാണ് കമ്പനി വളർന്നത്.
ടി.സി.എൻ പ്രതിനിധികളായ സലിം, മുഹമ്മദ് ഹസൻ സിയാലി, സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി പ്രിൻസിപ്പൽ, സയന്റിസ്റ്റ് ഡോ. ജോർജ് നൈനാൻ, സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ തപൻ റായ്ഗുരു, സഹൃദയ എൻജിനിയറിംഗ് കോളേജ് എക്‌സി. ഡയറക്ടർ, ഫാ. ജോർജ് പാറേമാൻ, പ്രിൻസിപ്പൽ ഡോ. നിക്‌സൺ കുരുവിള, സഹൃദയ ടി.ബി.ഐ കോ ഓർഡിനേറ്റർ പ്രൊഫ. ജിബിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.