election

തൃശൂർ: പ്രിയങ്കാഗാന്ധി, സീതാറാം യെച്ചൂരി, വൃന്ദാകാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, കേന്ദ്രമന്ത്രിമാർ, ബി.ജെ.പിയുടെ കേന്ദ്രനേതാക്കൾ എന്നിവരെത്തുന്നതോടെ ഈയാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളും. ബുധനാഴ്ച സുരേഷ് ഗോപി പ്രചാരണത്തിന് എത്തുന്നതോടെയാകും ബി.ജെ.പിയുടെ പ്രചാരണം ടോപ് ഗിയറിലാകും.
24, 25 തിയതികളിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ജില്ലയിൽ പ്രചാരണത്തിനെത്തും. പ്രിയങ്കാ ഗാന്ധിയും ഈയാഴ്ച എത്തുമെന്നാണ് വിവരം. കടുത്ത പോരാട്ടം നടക്കുന്ന തൃശൂർ, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ഒല്ലൂർ, ചാലക്കുടി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് മുന്നണികൾ.
തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലെത്തുമ്പോൾ, ഈ മണ്ഡലങ്ങളിൽ അടിയൊഴുക്കുകൾ രൂപംകൊണ്ടു തുടങ്ങി. പ്രതിഷേധങ്ങൾ കെട്ടടങ്ങി യു.ഡി.എഫ് ക്യാമ്പ് ശാന്തമായെങ്കിലും ഗുരുവായൂരിൽ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന്റെ ക്ഷീണം ബി.ജെ.പി. ക്യാമ്പുകളിൽ പ്രകടമാണ്. പ്രതിഷേധസ്വരങ്ങളും ഉയർന്നു. എന്നാൽ സുരേഷ് ഗോപിയും കേന്ദ്രനേതാക്കളുമെത്തുന്നതോടെ വർദ്ധിതവീര്യത്തോടെ അങ്കത്തട്ട് ഇളക്കിമറിക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. ക്യാമ്പ്. തൃശൂരിൽ ശക്തമായ പ്രചാരണത്തിനാണ് ഒരുക്കം കൂട്ടുന്നത്.
സുരേഷ് ഗോപിയുടെ വരവ് അനുകൂലമാവുമെന്ന ധാരണയിലാണ് എൽ.ഡി.എഫ്. ശബരിമല വിഷയം ആവർത്തിച്ച് പറഞ്ഞ് ജനങ്ങളിലെത്തിയാൽ അത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്ന പോലെ തങ്ങൾക്ക് അനുകൂലമാവാനാണ് സാദ്ധ്യതയെന്ന് യു.ഡി.എഫും കരുതുന്നു. ഗുരുവായൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയില്ലെങ്കിൽ ജയിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. കുന്നംകുളത്തും ഇരിങ്ങാലക്കുടയിലും വടക്കാഞ്ചേരിയിലും അവർ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്.

ബേബിജോണിന്റെ വീഴ്ച , മുറുമുറുപ്പ്

മുഖ്യമന്ത്രി പങ്കെടുത്ത വേദിയിൽ ബേബി ജോണിനെപ്പോലെ മുതിർന്ന നേതാവിനെ ഒരു യുവാവ് വേദിയിൽ തള്ളിയിടാനുണ്ടായ സാഹചര്യം ഗൗരവത്തോടെയാണ് പാർട്ടി എടുത്തിരിക്കുന്നത്. സുരക്ഷാ വീഴ്ചയുണ്ടായതിൽ പ്രവർത്തകരിൽ മുറുമുറുപ്പ് ശക്തമാണ്. പരസ്യ പ്രതികരണത്തിന് ആരും മുതിർന്നിട്ടില്ല. ഇത്തരം സംഭവം ആദ്യമായാണ് ഉണ്ടാവുക. അതുകൊണ്ടു തന്നെ വരുംദിവസങ്ങളിൽ കനത്ത ജാഗ്രതയോടെയാകും നേതാക്കളെ വേദിയിലെത്തിക്കുക. സ്വാഭാവിക പ്രതികരണം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ബേബി ജോൺ പ്രതികരിച്ചിരുന്നു.

80 സ്ഥാനാർത്ഥികൾ

പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ നിലവിൽ 13 നിയോജക മണ്ഡലങ്ങളിൽ 80 സ്ഥാനാർത്ഥികളുണ്ട്. കൊടുങ്ങല്ലൂർ (07), ചാലക്കുടി (10), ഇരിങ്ങാലക്കുട (07), ഒല്ലൂർ (06), മണലൂർ (06), കുന്നംകുളം (07), ചേലക്കര (04), പുതുക്കാട് (05), വടക്കാഞ്ചേരി (04), തൃശൂർ (05), ഗുരുവായൂർ (06), നാട്ടിക (06), കയ്പമംഗലം (07) എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.