
തൃപ്രയാർ: ഗ്രാമപ്രദക്ഷിണത്തിന്റെ ഭാഗമായി ഇന്ന് തൃപ്രയാർ തേവർ ബ്ളാഹയിൽ കുളത്തിൽ ആറാടും. ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം രാവിലെ തേവർക്ക് ആറാട്ട്. ആറാട്ടിന് ശേഷം തിരിച്ച് ക്ഷേത്രത്തിലേക്കെഴുന്നള്ളി ചടങ്ങുകൾ പൂർത്തീകരിക്കും.
വൈകീട്ട് നിയമവെടിക്ക് ശേഷമാണ് കുറുക്കൻ കുളത്തിലെ ആറാട്ട്. ഞായറാഴ്ച രാവിലെ മൂന്ന് ആനകളോടെ നടക്കൽ പൂരം നടന്നു. ദേവസ്വം ഗോവിന്ദൻ തേവരുടെ സ്വർണ്ണക്കോലം വഹിച്ചു. ഭക്തർക്ക് ഹരമായി തൃപ്രയാർ അനിയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം കൊട്ടിത്തിമിർത്തു.
തുടർന്ന് തേവർ പുത്തൻകുളത്തിൽ ആറാടി. വൈകീട്ട് കാട്ടൂർ പൂരത്തിനെത്തി. ഓലക്കുട ചൂടി എഴുന്നള്ളിയ തേവർക്ക് വഴിനീളെ ഭക്തർ രാജകീയ വരവേല്പാണ് നൽകിയത്. വൈകുന്നേരത്തെ നിയമവെടി എടത്തിരുത്തി പാടത്തായിരുന്നു. കോലോത്തുംകുന്നിൽ തൃപ്പുണിത്തുറ കോവിലകത്തെ പറയും ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പറയും സ്വീകരിച്ചു. തിരിച്ചെഴുന്നള്ളിയ തേവർ പടിഞ്ഞാറ് മൂസിന്റെ ഇല്ലത്തെ പറ സ്വീകരിച്ചു. പുലർച്ചെയുള്ള നിയമവെടി ഇല്ലത്ത് പടിക്കലായിരുന്നു.
കെ.കെ. കൊച്ചിനുള്ള ആദരണം സാഹിത്യ അക്കാഡമിയുടെ
അവഗണനയ്ക്കുള്ള മറുപടി: സണ്ണി എം കപിക്കാട്
തൃശൂർ: കെ.കെ കൊച്ചിനുള്ള ‘റീഡിഫൈനിംഗ് കേരള മോഡൽ’ സെമിനാറിലെ ആദരണം കേരള സാഹിത്യ അക്കാഡമിയുടെ അവഗണനയ്ക്കുള്ള മറുപടിയാണെന്ന് ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട്. സെമിനാറിൽ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാഡമിയുടെ ജീവചരിത്രം/ആത്മകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചത് എം.ജി.എസ് നാരായണനാണ്.
എന്നാൽ ദലിത് ചിന്തകൻ കെ.കെ കൊച്ചിൻ്റെ ‘ദലിതൻ’ എന്ന ആത്മകഥ എഴുത്തുരീതി, സൗന്ദര്യബോധം, ജീവിതത്തിൻ്റെ ആത്മസംഘർഷം എന്നിവ പരിഗണിച്ചാൽ എം.ജി.എസിൻ്റെ ഗ്രന്ഥത്തേക്കാൾ എത്രയോ മടങ്ങ് മികച്ചതാണ്. എന്നാൽ അതിനെ അവഗണിക്കാനാണ് ഇതിനകത്തെ മാന്യന്മാർ ശ്രമിച്ചത്. ആ അവഗണനയ്ക്കുള്ള മറുപടിയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരള സാഹിത്യ അക്കാഡമി ഹാളിൽ നടന്ന സെമിനാറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീം യാന കളക്ടീവ്, നീലം കൾച്ചറൽ സെന്റർ എന്നിവർ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. തമിഴ്സംവിധായകനും ദളിത് ആക്ടിവിസ്റ്റുമായ പാ രഞ്ജിത്താണ് കെ.കെ കൊച്ചിന് അവാർഡ് സമർപ്പിച്ചത്.