
മാനസികാസ്വാസ്ഥ്യമുള്ള പ്രതി റിമാൻഡിൽ
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയ ശേഷം,വേദിയിൽ പ്രസംഗിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണിനെ തള്ളി വീഴ്‌ത്തിയ സംഭവത്തിൽ പൊലീസിന് സുരക്ഷാവീഴ്ചയും ഇടതുമുന്നണി പ്രവർത്തകർക്കും റെഡ് വാളന്റിയർമാർക്കും ജാഗ്രതക്കുറവും സംഭവിച്ചെന്ന് വിമർശനം. മുഖ്യമന്ത്രി പങ്കെടുത്ത വേദിയിൽ മുതിർന്ന നേതാവിനെ ആക്രമിച്ചത് ഗൗരവതരമാണെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.
സംഭവത്തിൽ അറസ്റ്റിലായ ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂറിനെ (37) റിമാൻഡ് ചെയ്‌തു. മനഃപൂർവ്വം അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. അതേസമയം, ഇയാൾക്ക് 40 ശതമാനം മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ഇരിങ്ങാലക്കുടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നയാളാണെന്നും പൊലീസ് കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ തൃശൂരിലെത്തിയ ഇയാൾ തെരുവിൽ കഴിയുന്നവർക്കൊപ്പമാണ് ഭക്ഷണം കഴിച്ചതെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ ഇടതുമുന്നണിയുടെ കൺവെൻഷൻ വേദിയിലാണ് ബേബി ജോണിനെ ആക്രമിച്ചത്. വേദിയിൽ വീണ അദ്ദേഹത്തെ അടുത്തുണ്ടായിരുന്നവർ ഉടൻ താങ്ങി എഴുന്നേൽപ്പിച്ചു. ഉടൻ വോളന്റിയർമാരും മന്ത്രി വി.എസ്. സുനിൽകുമാറും ചേർന്ന് ഇയാളെ മാറ്റുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വേദിയിൽ നേതാക്കൾക്കൊപ്പം കസേരയിൽ ഇരുന്ന ഇയാൾ പോകാനെന്ന വ്യാജേന എഴുന്നേറ്റ്, പ്രസംഗിച്ചു കൊണ്ടിരുന്ന ബേബി ജോണിനെ തള്ളിയിടുകയായിരുന്നു. വേദിയിൽ നിന്ന് താഴെ വീണിരുന്നെങ്കിൽ വലിയ അപകടമായേനെ.
സംഭവം മുഖ്യമന്ത്രി പങ്കെടുത്ത പൊതുസമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്ന ആരോപണവും ഉയർന്നു. സാധാരണ ഇത്തരം വേദികളിൽ ആരെങ്കിലും പ്രവേശിക്കുമ്പോൾ, നേതാക്കളും വോളന്റിയർമാരും കർശനമായി നിരീക്ഷിക്കാറുണ്ട്. എന്നാൽ ചുവന്ന മുണ്ടുടുത്ത് വേദിയിൽ എത്തിയ ആളെ തടയാനോ, കാര്യം അന്വേഷിക്കാനോ വോളന്റിയർമാരോ, നേതാക്കളോ തയ്യാറായില്ല. വേദിയിൽ കയറിയ യുവാവ് 15 മിനിറ്റോളം മന്ത്രി വി.എസ്. സുനിൽകുമാറിന് സമീപം കസേരയിൽ ഇരുന്നു. ഈ സമയത്തൊന്നും ഇയാൾ ആരെന്നോ, എന്തിനാണ് വേദിയിൽ എത്തിയതെന്നോ അന്വേഷിക്കുകയോ വേദിയിൽ നിന്ന് മാറ്റുകയോ ചെയ്‌തില്ലെന്ന വിമർശനമാണ് പ്രവർത്തകർക്ക് എതിരെ ഉയർന്നത്.
പിടിയിലായ ഷുക്കൂർ, വി.എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ആരാധകനാണെന്നാണ് പറയുന്നത്. പിണറായി വിജയൻ പ്രസംഗിക്കുന്നത് അറിഞ്ഞ് എത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ വേദിയായതിനാൽ പൊലീസ് കർശന സുരക്ഷ ഒരുക്കിയിരുന്നു. സി.പി.എം വോളന്റിയർമാരും ഉണ്ടായിരുന്നു. പരിപാടി തുടങ്ങും മുമ്പേ ഇയാൾ സദസിലെ മുൻ നിരയിലെ കസേരയിലിരുന്നു. മുഖ്യമന്ത്രി പോയപ്പോൾ വേദിക്ക് സമീപത്തെ പൊലീസ് മാറിയതോടെ ഇയാൾ വേദിയിൽ കയറുകയായിരുന്നു.
തനിക്ക് ശാരീരിക ബുദ്ധിമുട്ടൊന്നുമില്ലെന്നും പെട്ടെന്നുള്ള വികാര പ്രകടനമായേ സംഭവത്തെ കാണുന്നുള്ളൂവെന്നും ബേബി ജോൺ പറഞ്ഞു. ഉയിരെടുക്കാൻ ആരെങ്കിലും വരുന്നെങ്കിൽ നേരെ വരണമെന്ന് സംഭവത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു.