ചേർപ്പ്: പെരുവനം പൂരം നാളെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കും. കൊവിഡ് മഹാമാരിയെ തുടർന്ന് പൂരമില്ലാതിരുന്ന ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ഈവർഷം പൂരത്തിനായി പെരുവനം നടവഴി ഒരുങ്ങി. ഏഴ് ഗജവീരൻമാർ അണിനിരക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഇടമാണ് പെരുവനം നടവഴി. എന്നാൽ ഇക്കുറി അഞ്ച് ആനകളെ പങ്കെടുക്കാപ്പിക്കാനേ കഴിയൂ എന്ന് കളക്ടറുടെ ഉത്തരവുണ്ട്. എങ്കിലും ഏഴ് ആനകളെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി.
നാളെ വൈകീട്ട് മുതൽ ബുധനാഴ്ച പുലരുവോളം നീളുന്ന പൂരച്ചടങ്ങുകളും എഴുന്നള്ളിപ്പുകളുമായി പൂരം കൊണ്ടാടും. പാണ്ടി പഞ്ചാരി പഞ്ചവാദ്യങ്ങളാൽ സമൃദ്ധമാകുന്ന പെരുവനം പൂരം ആസ്വാദനഹൃദ്യമാണ്.
പൂരദിവസം വൈകീട്ട് 4ന് കടലാശേരി പിഷാരിക്കൽ ഭഗവതിയുടെ ആദ്യ പൂരം എഴുന്നള്ളിപ്പ് ഗജവീരൻമാരുടെ അകമ്പടിയോടെ പടിഞ്ഞാറെ നടവഴിയിൽ നടക്കും. പെരുവനം ശങ്കരനാരായണൻ മാരാർ പഞ്ചാരിമേളത്തിന് നേതൃത്വം നൽകും. 6.30ന് ഗജവീരൻമാരുടെ അകമ്പടിയോടെ ആറാട്ടുപുഴ ശാസ്താവിന്റെ കിഴക്കോട്ടിറക്കം നടക്കും. പെരുവനം കുട്ടൻ മാരാർ പാണ്ടിമേളം നയിക്കും. 7ന് ചാത്തക്കുടം ശാസ്താവിന്റെയും തൊട്ടിപ്പാൾ ഭഗവതിയുടെയും പടിഞ്ഞാറോട്ട് കയറ്റ എഴുന്നള്ളിപ്പ് നടക്കും. പെരുവനം സതീശൻ മാരാർ പഞ്ചാരിമേളത്തിന് നേതൃത്വം നൽകും. രാത്രി 10.30 ന് ആറാട്ടുപുഴ, കല്ലോലി, മേടംകുളം പടിഞ്ഞാറോട്ട് കയറ്റം, 11ന് ഊരകത്തമ്മ തിരുവടി , ചാത്തക്കുടം ശാസ്താവിന്റെ പടിഞ്ഞാറോട്ട് കയറ്റം. പെരുവനം തൊടുകുളം പരിസരത്ത് നിന്ന് കൊമ്പ്, കേളി, കുഴൽ പറ്റ് എന്നിവയുണ്ടാകും. തുടർന്ന് ചെറുശേരി പണ്ടാരത്തിൽ കുട്ടൻ മാരാരുടെ പ്രമാണികത്വത്തിൽ പഞ്ചാരിമേളം നടക്കും. ഈ സമയം ചേർപ്പ് ഭഗവതിയുടെ എഴുന്നള്ളിപ്പ് ഗജവീരൻമാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ പടിഞ്ഞാറെ നടവഴിയിൽ ആരംഭിക്കും. തുടർന്ന് എഴുന്നള്ളിപ്പ് മേക്കാവ് ഭഗവതി ക്ഷേത്ര പരിസരത്ത് എത്തിയാൽ സമാപിക്കുകയും കരിമരുന്ന് പ്രയോഗത്തിന് ശേഷം പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും നടക്കും. 12ന് ക്ഷേത്രമതിൽക്കകത്ത് പിടിക്കപറമ്പ്, നെട്ടിശേരി, നാങ്കുളം, കോടന്നൂർ, ചിറ്റി ചാത്തക്കുടം, മേടംകുളം, കല്ലേലി, മാട്ടിൽ ശാസ്താക്കൻമാരും എടക്കുന്നി, തൈക്കാട്ടുശേരി, പൂനിലർക്കാവ് ഭഗവതിമാരും അണിചേരും.
24ന് പുലർച്ചെ നാലിന് ചേർപ്പ്, അയ്ക്കുന്ന് ഭഗവതിമാരുടെ എഴുന്നള്ളിപ്പ് കിഴക്കേ നടയിൽ നടക്കും. പെരുവനം കുട്ടൻ മാരാർ മേളത്തിന് നേതൃത്വം നൽകും. പിന്നീട് പട്ടിണി ശംഖിന് ശേഷം ഇരു ഭഗവതിമാരും തൊടു കുളത്തിൽ ആറാട്ടു നടത്തും. തുടർന്ന് ആറാട്ടുപുഴ ശാസ്താവും അയ്ക്കുന്ന് ഭഗവതിയുമായി ഉപചാരം ചൊല്ലി പിരിയുന്നതോടെ പെരുവനം പൂരത്തിന് സമാപ്തിയാകും.
പണ്ട് പെരുവനത്ത് നടന്നിരുന്ന വലിയ വിളക്കിന്റെ ഉത്സവമായിട്ടാണ് പെരുവനം പൂരം ആഘോഷിക്കുന്നത്.