തള്ളൽ എന്നാൽ വീമ്പുപറച്ചിൽ, പൊങ്ങച്ചമടിയ്ക്കൽ എന്നൊക്കെയാണ് പുതിയ കാലത്തെ അർത്ഥം. തിരഞ്ഞെടുപ്പുകാലത്താണ് തള്ളലുകൾ കൂടുക. ഇത്തവണയും തള്ളലിന് ഒരു കുറവുമില്ല. നേതാക്കളും പ്രവർത്തകരുമെല്ലാം തള്ളുന്നു. ചിരട്ടയിലെ വെള്ളം കണ്ടാൽ സമുദ്രമെന്ന് പറയുന്നു. ഈ തള്ളലുകൾക്കിടയിലാണ് ഗുരുവായൂരിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്. മഹിളാമോർച്ച നേതാവിന്റെ പത്രികയായിരുന്നു. ആ തള്ളലിന്റെ ആഘാതത്തിലായിരുന്നു എൻ.ഡി.എയും നേതാക്കളും പ്രവർത്തകരുമെല്ലാം.

ഗുരുവായൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളിയതിന് പിന്നിൽ കോ- ലീ- ബി സഖ്യമെന്ന് എൽ.ഡി.എഫ് പറഞ്ഞപ്പോൾ, ബി.ജെ.പി - എൽ.ഡി.എഫ് അവിശുദ്ധ ബന്ധമെന്ന് യു.ഡി.എഫും വെച്ചുകാച്ചി. അവിടെയും തള്ളലുണ്ടായോ എന്ന് പരിശോധിക്കുകയാണ് വോട്ടർമാർ. പത്രികയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സമയത്തെല്ലാം ബി.ജെ.പി വോട്ടിൽ കണ്ണുവച്ച് ഇരു മുന്നണികളുടെയും രഹസ്യമായ കരുനീക്കങ്ങളും കാണാമായിരുന്നു.

പത്രിക തള്ളിയ ദിവസം ഗുരുവായൂരിൽ ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് യോഗം ചേർന്നിരുന്നു. മണ്ഡലം ചെയർമാന്മാരും കൺവീനർമാരും ഉൾപ്പെടെ പങ്കെടുത്ത യോഗം ഹൈന്ദവ വോട്ടുകൾ അനുകൂലമാക്കാൻ തന്ത്രങ്ങൾ മെനഞ്ഞു. നടപ്പാക്കാൻ പ്ളാൻ എ യും ബിയും സിയും തയ്യാറാക്കി.

കഴിഞ്ഞ തവണ 25,590 വോട്ടാണ് സ്ഥാനാർത്ഥി നിവേദിതയ്ക്ക് ലഭിച്ചതെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ സുരേഷ് ഗോപിക്ക് 30,000 ഓളം വോട്ട് ലഭിച്ചിരുന്നു. അതിലായിരുന്നു ഇരുമുന്നണികളുടെയും പ്രതീക്ഷയും ആശങ്കയും.

അഡ്വ. നിവേദിത അവസാന തീയതിയായ 19 ന് മൂന്ന് മണിക്കാണ് പത്രിക സമർപ്പിച്ചത്. അതുതന്നെ ദുരൂഹമെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഒപ്പിടാത്തത് അബദ്ധമല്ല. അത് യു.ഡി.എഫ് - ബി.ജെ.പി സഖ്യത്തിന്റെ തെളിവാണ്. എൽ.ഡി.എഫിനെ തകർക്കാനാണ് എതിരാളികളുടെ ശ്രമമെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

യു.ഡി.എഫ് ഇത് നിഷേധിച്ചു. മുൻ തിരഞ്ഞെടുപ്പിലെ 9000 വോട്ടിൽ നിന്നാണ് 2016 ൽ 25,000ത്തിലേറെ വോട്ട് ബി.ജെ.പി. നേടിയത്. അന്ന് ബി.ജെ.പി പിടിച്ചതിലേറെയും ഗുരുവായൂർ നഗരപ്രദേശത്തെ യു.ഡി.എഫ് വോട്ടായിരുന്നു എന്നാണ് കണക്കാക്കിയത്.

നേതാവിന്റെ പതനം

അങ്ങനെ കണക്കുകൂട്ടലും കിഴിക്കലും നടക്കുന്നതിനിടെ ഇടതുമുന്നണിയിൽ ഒരു തള്ളലിനെ തുടർന്നുളള ആശങ്കയായിരുന്നു നിഴലിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയ ശേഷം,വേദിയിൽ പ്രസംഗിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബിജോണിനെ തള്ളി വീഴ്‌ത്തിയ സംഭവത്തിൽ പൊലീസിന് സുരക്ഷാവീഴ്ചയും ഇടതുമുന്നണി പ്രവർത്തകർക്കും റെഡ് വാളന്റിയർമാർക്കും ജാഗ്രതക്കുറവും സംഭവിച്ചെന്ന വിമർശനമാണ് അവരെ പ്രതിരോധത്തിലാക്കിയത്.

മുഖ്യമന്ത്രി പങ്കെടുത്ത വേദിയിൽ മുതിർന്ന നേതാവിനെ ആക്രമിച്ചത് ഗൗരവതരമാണെന്നാണ് വിലയിരുത്തൽ.

സംഭവം മുഖ്യമന്ത്രി പങ്കെടുത്ത പൊതുസമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്ന ആരോപണവും ഉയർന്നു. സാധാരണ ഇത്തരം വേദികളിൽ ആരെങ്കിലും പ്രവേശിക്കുമ്പോൾ, നേതാക്കളും വോളന്റിയർമാരും കർശനമായി നിരീക്ഷിക്കാറുണ്ട്. എന്നാൽ ചുവന്ന മുണ്ടുടുത്ത് വേദിയിൽ എത്തിയ ആളെ തടയാനോ, കാര്യം അന്വേഷിക്കാനോ വോളന്റിയർമാരോ, നേതാക്കളോ തയ്യാറായില്ല. വേദിയിൽ കയറിയ യുവാവ് 15 മിനിറ്റോളം മന്ത്രി വി.എസ്. സുനിൽകുമാറിന് സമീപം കസേരയിൽ ഇരുന്നു. ഈ സമയത്തൊന്നും ഇയാൾ ആരെന്നോ, എന്തിനാണ് വേദിയിൽ എത്തിയതെന്നോ അന്വേഷിക്കുകയോ വേദിയിൽ നിന്ന് മാറ്റുകയോ ചെയ്‌തില്ലെന്ന വിമർശനമാണ് പ്രവർത്തകർക്ക് എതിരെ ഉയർന്നത്.

പിടിയിലായ ഷുക്കൂർ, വി.എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ആരാധകനാണെന്നാണ് പറയുന്നത്. പിണറായി വിജയൻ പ്രസംഗിക്കുന്നത് അറിഞ്ഞ് എത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ വേദിയായതിനാൽ പൊലീസ് കർശന സുരക്ഷ ഒരുക്കിയിരുന്നു. സി.പി.എം വോളന്റിയർമാരും ഉണ്ടായിരുന്നു. പരിപാടി തുടങ്ങും മുമ്പേ ഇയാൾ സദസിലെ മുൻനിരയിലെ കസേരയിലിരുന്നു. മുഖ്യമന്ത്രി പോയപ്പോൾ വേദിക്ക് സമീപത്തെ പൊലീസ് മാറിയതോടെ ഇയാൾ വേദിയിൽ കയറുകയായിരുന്നു.

തനിക്ക് ശാരീരിക ബുദ്ധിമുട്ടൊന്നുമില്ലെന്നും പെട്ടെന്നുള്ള വികാര പ്രകടനമായേ സംഭവത്തെ കാണുന്നുള്ളൂവെന്നും ബേബിജോൺ പറഞ്ഞു. ഉയിരെടുക്കാൻ ആരെങ്കിലും വരുന്നെങ്കിൽ നേരെ വരണമെന്ന് സംഭവത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂർ (37) റിമാൻഡിലാണ്. മനഃപൂർവം അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. അതേസമയം,​ ഇയാൾക്ക് 40 ശതമാനം മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ഇരിങ്ങാലക്കുടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നയാളാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ തൃശൂരിലെത്തിയ ഇയാൾ തെരുവിൽ കഴിയുന്നവർക്കൊപ്പമാണ് ഭക്ഷണം കഴിച്ചതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ ഇടതുമുന്നണിയുടെ കൺവെൻഷൻ വേദിയിലാണ് ബേബി ജോണിനെ ആക്രമിച്ചത്. വേദിയിൽ വീണ അദ്ദേഹത്തെ അടുത്തുണ്ടായിരുന്നവർ ഉടൻ താങ്ങി എഴുന്നേൽപ്പിച്ചു. ഉടൻ വോളന്റിയർമാരും മന്ത്രി വി.എസ്. സുനിൽകുമാറും ചേർന്ന് ഇയാളെ മാറ്റുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വേദിയിൽ നേതാക്കൾക്കൊപ്പം കസേരയിൽ ഇരുന്ന ഇയാൾ പോകാനെന്ന വ്യാജേന എഴുന്നേറ്റ്,​ പ്രസംഗിച്ചു കൊണ്ടിരുന്ന ബേബി ജോണിനെ തള്ളിയിടുകയായിരുന്നു. വേദിയിൽ നിന്ന് താഴെ വീണിരുന്നെങ്കിൽ വലിയ അപകടമായേനെ. എന്തായാലും അപ്രതീക്ഷിതമായ തള്ളലിന്റെ ഞെട്ടൽ ഇടതുക്യാമ്പിൽ ഇപ്പോഴുമുണ്ട്.