election

തൃശൂർ: ഗുരുവായൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്റെ പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ചൂടുപിടിച്ച ചർച്ചയിൽ ബി.ജെ.പി നേതൃത്വം. അതേസമയം, ബി.ജെ.പി വോട്ടുകൾ എങ്ങനെ പെട്ടിയിലാക്കാമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ഇടത് വലത് മുന്നണി നേതൃത്വം. ഹിന്ദു സാമുദായിക സംഘടനകളെയും ഇരുമുന്നണികളും നോട്ടമിടുന്നുണ്ട്.
മത്സരരംഗത്ത് എൻ.ഡി.എ ഇല്ലെങ്കിൽ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കണ്ടാണ് യു.ഡി.എഫ് തന്ത്രങ്ങൾക്ക് പദ്ധതിയിടുന്നത്. ഹൈന്ദവ വിശ്വാസികളെ പരമാവധി ഒപ്പം നിറുത്താനുള്ള പ്രചാരണ തന്ത്രങ്ങൾക്കാണ് രൂപം കൊടുക്കുന്നത്. അതേസമയം, നഗരത്തിനപ്പുറമുള്ള പഞ്ചായത്തുകളിലെ ബി.ജെ.പി വോട്ടുകൾ തേടിയാണ് എൽ.ഡി.എഫ് പ്രചാരണത്തിന്റെ വഴിതിരിച്ചു വിടുന്നത്.

തീരദേശ മേഖലയിലെ വോട്ടുകൾ ഉറപ്പിച്ചാൽ ജയിക്കാമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. കോൺഗ്രസും ലീഗും ബി.ജെ.പിയും ചേർന്ന് ഗുരുവായൂരിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് നിയോജക മണ്ഡലത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ എൽ.ഡി.എഫ്. പ്രകടനം നടത്തിയിരുന്നു. ദേശീയ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്ക് കാത്തുനിൽക്കുകയാണ് ബി.ജെ.പി. സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോകുന്നത് മാത്രമല്ല, ഡമ്മി സ്ഥാനാർത്ഥിയും ഇല്ലാതായതിന്റെ നിരാശ പ്രവർത്തകരിലും നേതാക്കളിലും ശക്തമായിട്ടുണ്ട്. കോടതി വിധി എതിരായാൽ എന്തു നിലപാട് എടുക്കണമെന്ന സന്ദേശം പ്രവർത്തകരിലേക്ക് നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് 30,000ഓളം വോട്ട് ഗുരുവായൂരിൽ നിന്ന് കിട്ടിയിരുന്നു. 2011ൽ നിന്ന് 2016ലെത്തുമ്പോൾ കാൽലക്ഷം വോട്ടുകൾ നേടിയ ബി.ജെ.പിക്ക് ഗുരുവായൂർ നഗരപരിധി തന്നെയാണ് ശക്തികേന്ദ്രം.

നിലവിൽ ആറ് സ്ഥാനാർത്ഥികൾ

എൻ.കെ അക് ബർ (സി.പി.എം), അഡ്വ. കെ.എൻ.എ ഖാദർ (മുസ്ലിം ലീഗ്), അഷ്‌റഫ് വടക്കൂട്ട് (സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇന്ത്യ), എം. കുമാർ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഒഫ് ഇന്ത്യ), ദിലീപ് നായർ (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി), ആന്റണി (സ്വതന്ത്രൻ).

2016ലെ തിരഞ്ഞെടുപ്പ്

സി.പി.എമ്മിലെ കെ.വി അബ്ദുൾ ഖാദറിന്റെ ഭൂരിപക്ഷം: 15,098
ലഭിച്ച വോട്ടുകൾ: 66,088
മുസ്‌ളിം ലീഗിലെ അഡ്വ. പി.എം സാദിഖ് അലിക്ക് ലഭിച്ച വോട്ടുകൾ: 50,990


ഗുരുവായൂർ നിയോജകമണ്ഡലം


പഞ്ചായത്തുകൾ 5: ഏങ്ങണ്ടിയൂർ, കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്.
നഗരസഭ 2: ചാവക്കാട്, ഗുരുവായൂർ (നഗരസഭയുടെ തൈക്കാട് മേഖലയൊഴികെയുള്ള പ്രദേശങ്ങൾ.)

ബി.ജെ.പി വോട്ടുകൾ

2016 അഡ്വ. നിവേദിത 25,490
2011 ദയാനന്ദൻ മാമ്പുള്ളി 9,306
2006 പി.എം ഗോപിനാഥൻ 8574.