thiruvathira
ആറാട്ടുപുഴ ക്ഷേത്രം തിരുവാതിര വിളക്ക് എഴുന്നള്ളിപ്പ്

ചേർപ്പ്: ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്ക് ആഘോഷിച്ചു. ഇന്നലെ പുലർച്ചെ ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വടക്കെ നടയിൽ ചെമ്പട അവസാനിച്ചപ്പോൾ വിസ്തരിച്ച വിളക്കാചാരം. തുടർന്ന് ഒന്നര പ്രദക്ഷിണം വെച്ച് കിഴക്കെ നടയിൽ കൂറുകൊട്ടി കലാശിച്ചു. കേളി, കുഴൽ പറ്റ് , കൊമ്പ് പറ്റ് എന്നിവക്ക് ശേഷം പഞ്ചാരി മേളം തുടർന്ന് ഇടയ്ക്ക പ്രദക്ഷിണം ഉണ്ടായി. പെരുവനം കുട്ടൻ മാരാരും വെളപ്പായ നന്ദനനും പെരുവനം ഗോപാലകൃഷ്ണനും കുമ്മത്ത് രാമൻകുട്ടി നായരും കുമ്മത്ത് നന്ദനനും പ്രമാണിമാരായി. പാമ്പാടി സുന്ദരൻ ശാസ്താവിന്റെ തിടമ്പേറ്റി. തുടർന്ന് ആറാട്ടുപുഴ ശാസ്താവ് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ പുറത്തേക്ക്. തുടർന്ന് തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളി. തൈക്കാട്ടുശ്ശേരി പൂരത്തിനു ശേഷം ആറാട്ടുപുഴ ശാസ്താവിന്റെ 'എടവഴിപൂരം' ആരംഭിച്ചു. ഭഗവതിയുമായി ഉപചാരത്തിനു ശേഷം മടക്കയാത്രയിൽ ചാത്തക്കുടം ശാസ്താ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിച്ചു. ഉപചാരത്തിനുശേഷം ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നെള്ളി. ചാത്തക്കുടം മുതൽ ആറാട്ടുപുഴ വരെയുള്ള വഴികളിൽ ഭക്തർ ശാസ്താവിന് നിറപറകൾ സമർപ്പിച്ചു. തുടർന്ന് ശാസ്താവിനെ ക്ഷേത്രത്തിൽ ഇറക്കി എഴുന്നെള്ളിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം വൈകീട്ട് 8ന് തന്ത്രി ഇല്ലമായ പെരുവനം കുന്നത്തൂർ പടിഞ്ഞാറേടത്ത് മനക്കലേക്ക് ശാസ്താവ് എഴുന്നെള്ളി. തുടർന്ന് നറുകുളങ്ങര ബലരാമ ക്ഷേത്രത്തിലെ കൊട്ടി പ്രദക്ഷിണത്തിനു ശേഷം ശാസ്താവ് ആറാട്ടുപുഴയിലേക്ക് തിരിച്ചെഴുന്നള്ളി.