ആറാട്ടുപുഴ: കേരളത്തിലെ കൊമ്പനാനകളുടേയും നെറ്റിപ്പട്ടം, കോലം, കുട, ആലവട്ടം, വെഞ്ചാമരം എന്നീ ചമയങ്ങളുടേയും ചെണ്ട, കൊമ്പ്, കുഴൽ, താളം എന്നീ വാദ്യങ്ങളുടേയും യോഗ്യത നിർണ്ണയിച്ചിരുന്ന വർണ്ണശബളമായ പെരുവനം പൂരത്തിന് ആറാട്ടുപുഴ ശാസ്താവ് ഒരുങ്ങി. നിത്യപൂജകൾക്കു ശേഷം ഇന്ന് പുലർച്ചെ നാലോടു കൂടി വലിയപാണി കൊട്ടി പഞ്ചാരിമേളം മൂന്നാം കാലം തുടങ്ങി ആറാട്ടുപുഴ ശാസ്താവ് പുറത്തേയ്‌ക്കെഴുന്നള്ളും. മൂന്നു തവണ ശംഖു വിളിച്ച് വലന്തലയിൽ മേളം കൊട്ടി വെച്ചാണ് പെരുവനത്തേയ്ക്കുള്ള യാത്ര. നാഗസ്വരത്തിന്റെ അകമ്പടിയോടെയുള്ള യാത്രക്കിടയിൽ കൈതവളപ്പ്, പല്ലിശ്ശേരി സെന്റർ, തേവർറോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ശംഖുമുഴക്കും. പഴയ ഊരകം ഇടവഴിയിൽ നിന്നും ഭക്തർ ശാസ്താവിനെ നിറപറയും നിലവിളക്കും വച്ച് വരവേൽക്കും. ആറു മണിയോടു കൂടി പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ തെക്കെ നടയിൽ മതിൽക്കെട്ടിനകത്ത് ഗജവീരന്മാരുടെ അകമ്പടിയോടെ അണിനിരക്കും. തുടർന്ന് ഇറക്കപാണ്ടിമേളം ആരംഭിക്കും. പെരുവനം കുട്ടൻ മാരാർ, വെളപ്പായ നന്ദനൻ, പെരുവനം ഗോപാലകൃഷ്ണൻ, കുമ്മത്ത് രാമൻകുട്ടി നായർ, കുമ്മത്ത് നന്ദനൻ എന്നിവർ മേളത്തിന് നേതൃത്വം കൊടുക്കും. കിഴക്കേ നടവഴിയിൽ 9.30 വരെ ഇറക്ക പാണ്ടിമേളം തുടരും. പെരുവനം നടവഴിയിൽ ശാസ്താവിന് മാത്രമാണ് പാണ്ടിമേളം. പാണ്ടിമേളം കഴിഞ്ഞാൽ ത്രിപുട കൊട്ടി കിഴക്ക് ആറാട്ടുകുളത്തിന് സമീപം എത്തും. ചാത്തക്കുടം ശാസ്താവിന്റെ പൂരം കഴിഞ്ഞാൽ ആറാട്ടുപുഴ, കല്ലേലി, മേടകുളം ശാസ്താക്കന്മാർ ഒരുമിച്ച് പടിഞ്ഞാട്ട് അഭിമുഖമായി പെരുവനം ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും. കിഴക്കേ ഗോപുരം വരെ പഞ്ചാരിമേളവും അകത്ത് കടന്നാൽ മുറിയടന്തയും അകമ്പടിയായുണ്ടാകും. ആറാട്ടുപുഴ ശാസ്താവ് തെക്കേ ഗോപുരം വഴി തന്ത്രി ഇല്ലമായ കുന്നത്തൂര് പടിഞ്ഞാറേടത്ത് മനയിലേക്കും മറ്റു ശാസ്താക്കന്മാർ ക്ഷേത്രം പ്രദക്ഷിണം വെക്കാനും പുറപ്പെടും.