
തൃശൂർ: ഗുരുവായൂരിൽ നാമനിർദ്ദേശപത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ, മുഖം രക്ഷിക്കാനുള്ള തത്രപ്പാടിൽ ബി.ജെ. പി നേതൃത്വം. ഇരു മുന്നണികൾക്ക് പുറമേ എസ്.ഡി.പി.ഐ, എസ്.യു.സി.ഐ സ്ഥാനാർത്ഥികളും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയിലെ ദീലിപ് നായരും സ്വതന്ത്രനായ ആന്റണിയും മത്സരരംഗത്തുണ്ട്. ദിലീപ് നായരെയോ ആന്റണിയെയോ സമീപിക്കാനുളള സാദ്ധ്യത മാത്രമാണ് ബി.ജെ.പിക്ക് മുന്നിലുള്ളത്. ഇവരുടെ പശ്ചാത്തലവും പരിശോധിക്കേണ്ടിവരും.ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വന്നശേഷമേ വ്യക്തതയുണ്ടാകൂ.പാർട്ടി വോട്ടുകൾ പിടിച്ചു നിറുത്താനുള്ള മറ്റ് പോംവഴികളും ബി.ജെ.പി. നേതൃത്വം ആലോചിക്കുന്നുണ്ട്.
എൻ.ഡി.എയ്ക്ക് ഗുരുവായൂരിൽ സ്ഥാനാർത്ഥി ഉണ്ടാകുമെന്നാണ് പ്രാദേശിക നേതാക്കൾ പ്രവർത്തകർക്ക് നൽകുന്ന ഉറപ്പ്. പക്ഷേ, എങ്ങനെയെന്ന് വ്യക്തമല്ല.
ബി.ജെ.പിയിലെ പ്രതിസന്ധി പരമാവധി മുതലെടുക്കാനുള്ള പരിശ്രമത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും.
ബി.ജെ.പിക്ക് വഴങ്ങരുത് എന്നു പറഞ്ഞ് എൽ.ഡി.എഫും യു.ഡി.എഫും ദിലീപ് നായരെയും ആന്റണിയെയും സമീപിച്ചതായാണ് വിവരം.
ഹൈന്ദവ വോട്ടുകൾ പെട്ടിയിലാക്കാൻ ബൂത്തുതലത്തിൽ യു.ഡി.എഫ് പ്രചാരണപ്രവർത്തനം ശക്തമാക്കി. തീരദേശത്തെ വോട്ടുകളും ഗുരുവായൂർ നഗരത്തിന് അപ്പുറത്തുളള ആറ് പഞ്ചായത്തുകളും ചാവക്കാട് നഗരസഭയും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഈ മേഖലയിലെ ബി.ജെ.പി അനുഭാവികളുടെ വോട്ടുകൾ പിടിക്കാനുള്ള ശ്രമവും ഇടതുനേതൃത്വം തുടങ്ങി. ലീഗിന്റെ ചിഹ്നമായ കോണിക്ക് അവർ വോട്ടു ചെയ്യില്ലെന്നാണ് ഇടതു പ്രതീക്ഷ.
പൊട്ടിത്തെറിക്കും സാദ്ധ്യത ?
അണികളെ തൃപ്തിപെടുത്തുന്ന തരത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ബി.ജെ.പിയിൽ പൊട്ടിത്തെറിക്കും സാധ്യതയുണ്ട്. ഉത്തരവാദിത്വമുള്ളവർ കാണിച്ച അലംഭാവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ക്ഷേത്രനഗരി ഉൾപ്പെടുന്ന മണ്ഡലത്തിൽ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ശബരിമല വിഷയം, പാർത്ഥസാരഥി ക്ഷേത്രം സർക്കാർ ഏറ്റെടുത്തത്, ഗുരുവായൂരിന് കേന്ദ്ര സർക്കാർ പ്രസാദം പദ്ധതിയിലൂടെ കോടികൾ അനുവദിച്ചത് തുടങ്ങിയവ ചൂണ്ടിക്കാട്ടി പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് സ്ഥാനാർത്ഥി ഇല്ലാതായത്.
സുപ്രീം കോടതിയെ സമീപിക്കും: എൻ. ഹരിദാസ്
തലശ്ശേരി: സൂക്ഷ്മപരിശോധനയിൽ നാമനിർദ്ദേശ പത്രിക തള്ളിയത് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥിയും പാർട്ടി ജില്ലാ പ്രസിഡന്റുമായ എൻ.ഹരിദാസ് പറഞ്ഞു.
ചില തെറ്റുകൾ സംഭവിച്ചതായി സമ്മതിച്ച അദ്ദേഹം തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ,അഖിലേന്ത്യാ അദ്ധ്യക്ഷൻ അയച്ചു തന്ന ഫോറത്തിലെ ഒപ്പിലാണ് അപാകത കണ്ടെത്തിയതെന്നും, പത്രിക നിരസിക്കപ്പെട്ടതിനെ തുടർന്ന് അടച്ചു പൂട്ടിയ തലശ്ശേരിയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പരിസരത്ത് മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
പത്രിക പരിശോധന വേളയിൽ പിറവത്തെ സ്ഥാനാർത്ഥിക്ക് ലഭിച്ച സ്വാഭാവിക നീതി തലശ്ശേരിയിലെ ആർ.ഡി.ഒയിൽ നിന്ന് കിട്ടിയില്ല. താൻ ചെയ്യേണ്ട കടമ കൃത്യമായി ചെയ്തിട്ടുണ്ടെന്നും ഭാവികാര്യങ്ങൾ സംസ്ഥാന നേതാക്കളുടെ തീരുമാനങ്ങൾക്ക് അനുസരിച്ചാണെന്നും ഹരിദാസ് കൂട്ടിച്ചേർത്തു. മേൽകോടതി വിധി എതിരായാൽ തലശ്ശേരിയിലെ പാർട്ടി പ്രവർത്തകർ എന്തുചെയ്യണമെന്ന് മേൽ കമ്മിറ്റിയും നേതാക്കളും തീരുമാനിക്കുമെന്നും
ഹരിദാസ് പറഞ്ഞു.