kodungallur

മാള: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ത്രികോണ മത്സരത്തിന് അങ്കം കുറിച്ച്‌ വിജയത്തിനായി പതിനെട്ടടവും പയറ്റിയാണ് മുന്നണി സ്ഥാനാർത്ഥികൾ ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നത്. വ്യക്തിപരമായ ആക്ഷേപങ്ങളില്ലാതെ പാർട്ടി നയങ്ങളും വികസന കാഴ്ചപ്പാടുകളും,​ നൂതന ആശയങ്ങളും,​ വാഗ്ദാനങ്ങളും നിരത്തിയാണ് മുന്നണികൾ പ്രചാരണം കൊഴുപ്പിക്കുന്നത്. പ്രചാരണത്തിനായി സാമൂഹിക മാദ്ധ്യമങ്ങളും പ്രയോജനപ്പെടുത്തുന്നു.

കൊടുങ്ങല്ലൂർ മണ്ഡലം ഒരിക്കലും ഒരു മുന്നണിയെയും കണ്ണടച്ച് സ്വീകരിക്കുന്ന പാരമ്പര്യമില്ലാത്തതാണ്. വ്യക്തിസ്വാധീനത്തോടൊപ്പം പ്രതികൂല വോട്ടുകളും ഫലത്തെ സ്വാധീനിക്കും. ഈ രണ്ട് ഘടകങ്ങളുടെയും ഏറ്റക്കുറച്ചിലാകും ഫലം നിർണ്ണയിക്കുക. പഴയ മാള മണ്ഡലവും കൊടുങ്ങല്ലൂർ മണ്ഡലത്തിലെ നഗരസഭ പ്രദേശവും ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ കൊടുങ്ങല്ലൂർ മണ്ഡലം.

എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും ഒപ്പത്തിനൊപ്പം സ്വാധീനമുള്ളതാണ് കൊടുങ്ങല്ലൂർ നഗരസഭ. 2011ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ടി.എൻ പ്രതാപൻ 9,​432 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫിനെ ഞെട്ടിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയം നേടാനായത് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.ആർ സുനിൽകുമാറിനാണ്. യു.ഡി.എഫ് ക്യാമ്പിനെ അമ്പരപ്പിച്ച് യു.ഡി.എഫിലെ കെ.പി ധനപാലനെ 22,791 വോട്ടിനാണ് തോൽപ്പിച്ചത്.

2011ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ഐ.ആർ വിജയൻ 6,732 വോട്ട് നേടിയപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ 32,715 വോട്ടുകളാണ് നേടിയത്. ഈ മുന്നേറ്റം എൻ.ഡി.എയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പിയിലെ സന്തോഷ് ചെറാക്കുളമാണ് ത്രികോണ മത്സരത്തിൽ കളത്തിലുള്ളത്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി ജാക്സൺ സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗിക്കുന്നു. മികച്ച പ്രതിച്ഛായയും വികസന കാഴ്ചപ്പാടും മുന്നോട്ടുവച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.