
ചേലക്കര: തിരഞ്ഞെടുപ്പ് ചൂട് മുറുകി മുമ്പെങ്ങുമില്ലാത്ത ആവേശവും ആരവവുമാണ് ചേലക്കര മണ്ഡലത്തിൽ. മൂന്ന് മുന്നണിയിലെയും പ്രവർത്തകർ വീടുകൾ കയറിയുള്ള പ്രചാരണവും, പദയാത്രയും റോഡ് ഷോയുമടക്കമുള്ള പ്രചാരണം ഊർജ്ജിതമാക്കി.
മണ്ഡലത്തിന് സുപരിചിതരായ സ്ഥാനാർത്ഥികളെ തന്നെയാണ് മൂന്ന് മുന്നണികളും കളത്തിലിറക്കിയിട്ടുള്ളത്. പതിറ്റാണ്ടുകൾക്ക് മുമ്പ് കൈവിട്ടു പോയ മണ്ഡലത്തെ സി.സി ശ്രീകുമാറിലൂടെ തിരിച്ചുപിടിക്കാൻ കോൺഗ്രസും ലീഗും പരമാവധി ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം ആദ്യം ആരംഭിച്ചത് എൽ.ഡി.എഫാണെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമെത്താൻ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും കഴിഞ്ഞു.
മന്ത്രിയും സ്പീക്കറും എം.എൽ.എയുമൊക്കെയായി ചേലക്കരയിൽ നിറഞ്ഞു നിന്ന കെ. രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വവും യു.ആർ പ്രദീപ് എം.എൽ.എ മണ്ഡലത്തിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും, പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ അഭൂതപൂർവ്വമായ വളർച്ചയും സർക്കാരിന്റെ ഇതരക്ഷേമ പദ്ധതികളുമെല്ലാം വോട്ടായി മാറുമെന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്. എന്നാൽ കാൽ നൂറ്റാണ്ട് കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടത് എം.എൽ.എമാർ മണ്ഡലത്തെ വികസന കാര്യത്തിൽ പിറകോട്ടടിക്കുകയാണ് ചെയ്തതെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു.
വിദ്യാഭ്യാസ മേഖലയിൽ കുറെ കെട്ടിടങ്ങൾ പണിതതൊഴിച്ചാൽ നിലവാരം ഉയർത്തുന്നതിനുള്ള ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ആതുര സേവനരംഗത്തും സ്ഥിതി മറിച്ചല്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു. രണ്ട് മുന്നണികളും പരസ്പരം പഴിചാരി വോട്ടർമാരെ കബളിപ്പിക്കുകയാണെന്നും ബി.ജെ.പിക്ക് അവസരം നൽകിയാൽ യഥാർത്ഥ വികസനമെന്തെന്ന് ചേലക്കരക്കാർ അറിയുമെന്നും ബി.ജെ.പി സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാട് പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവില്വാമല പിടിക്കാനായതും മറ്റ് പഞ്ചായത്തിൽ വോട്ടിംഗ് നിലവാരം വർദ്ധിപ്പിക്കാനായതും പ്രതീക്ഷ നൽകുന്നുണ്ടെന്നും ബി.ജെ.പി നേതാക്കളും പറയുന്നു.
ആർക്കും വലിയ മുൻതൂക്കമില്ലാത്ത ചരിത്രം
1965 ൽ നിലവിൽ വന്ന പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. ആറ് വട്ടം കോൺഗ്രസും ഏഴ് വട്ടം സി.പി.എമ്മുമാണ് മണ്ഡലത്തിൽ വിജയിച്ചത്. ദേശമംഗലം, വരവൂർ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര, കൊണ്ടാഴി, പഴയന്നൂർ, തിരുവില്വാമല എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകൾ. അഞ്ചു തവണ മത്സരിച്ച് നാലു തവണ വിജയിച്ച കോൺഗ്രസിലെ കെ.കെ ബാലകൃഷ്ണനും, 1996 മുതൽ നാലുതവണ അടുപ്പിച്ച് മത്സരിച്ച് വിജയിച്ച സി.പി.എമ്മിലെ കെ. രാധാകൃഷ്ണനും പ്രതിനിധീകരിച്ച മണ്ഡലമാണിത്. 9 പഞ്ചായത്തുകളിൽ ആറിലും ഇപ്പോൾ എൽ.ഡി.എഫ് ഭരിക്കുമ്പോൾ, കൊണ്ടാഴിയിലും പഴയന്നൂരിലുമാണ് യു.ഡി.എഫ് ഭരിക്കുന്നത്. തിരുവില്വാമല പഞ്ചായത്തിൽ ബി.ജെ.പി മുന്നണിക്കാണ് ഭരണം. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനാണ്. ഈ മണ്ഡലമുൾക്കൊള്ളുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസ് വിജയിച്ചത് വലിയ ഭൂരിപക്ഷത്തിലായിരുന്നു.