1
മോഷണം നടന്നതച്ചനാത്ത് കാവ് ശിവക്ഷേത്രത്തിൽ വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തുന്നു.

വടക്കാഞ്ചേരി: പാർളിക്കാട് തച്ചനാത്ത് കാവ് ശിവക്ഷേത്രത്തിൽ വട്ട ശ്രീകോവിലിന്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ ഓട്ടു പാത്രങ്ങളും ദക്ഷിണതട്ടിലെ പണവും നാണയവും മോഷ്ടിച്ചു. ക്ഷേത്രത്തിന് മുൻവശത്തെയും നാലമ്പലത്തിനകത്തുമായി രണ്ടു ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ട്.

ഓടു പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഈ പ്രദേശത്ത് ശക്തമായ ഇടിയും മിന്നലും കാറ്റു ഉണ്ടായിരുന്നു. ഇതേത്തുടർന്ന് വൈദ്യുതി ബന്ധവും തടസപ്പെട്ടു. ഈ സമയത്താണ് മോഷ്ടാക്കൾ ക്ഷേത്രത്തിനുള്ളിൽ കടന്നതെന്നാണ് നിഗമനം.

പുലർച്ചെ ക്ഷേത്രം തുറക്കാനായി എത്തിയ ക്ഷേത്രം കഴകം ജീവനക്കാരൻ സുരേഷ് സുബ്രഹ്മണ്യനാണ് മോഷണ വിവരം അറിയുന്നത്. വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരെത്തി സംഭവസ്ഥലവും ഭണ്ഡാരങ്ങളും പരിശോധിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രഭാകരൻ നായർ, മുകുന്ദൻ, അജയ്കുട്ടി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.