ചാലക്കുടി: ചെയർമാനെതിരെയുള്ള പത്ര വാർത്ത പോസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളുടെ അന്തരഫലമായി നഗരസഭയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് പൊളിഞ്ഞു. ചെയർമാൻ വി.ഒ. പൈലപ്പൻ യു.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിച്ചതിന്റെ പത്ര വാർത്തയും ഇത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതുമാണ് വിവാദമായത്. സ്വന്തം സ്ഥാനാർത്ഥി ഇരിക്കുന്ന വേദിയിൽ വച്ചാണ് നഗരസഭാ ചെയർമാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡെന്നീസ് ആന്റണിക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
ഉദ്ഘാടകനായ ബെന്നി ബെഹന്നാൻ ശ്രദ്ധയിൽപെടുത്തിയതിന് ശേഷം ക്ഷമ ചോദിച്ച് അദ്ദേഹം പിന്നീടത് തിരുത്തുകയിയിരുന്നു. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്നായിരുന്നു പത്രവാർത്ത. ബി.ഡി. ദേവസി എം.എൽ.എ മണ്ഡലത്തിൽ വളരെ കൂടുതൽ വികസന പ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് പൈലപ്പൻ പ്രസംഗിച്ചതും വാർത്തയിൽ ഉൾപ്പെടുത്തി. ഇത് വാട്ട്‌സ് ആപ്പിൽ പോസ്റ്റ് ചെയ്തതിന് നഗരസഭാ ജീവനക്കാരനെ പ്രസ്തുത ഗ്രൂപ്പിൽ നിന്നും ഒഴിവാക്കുകയായിരുന്നു. തുടർന്ന് ഇടതു പക്ഷക്കാരായ എല്ലാ ജീവനക്കാരും ഇതിൽ നിന്നും മറ്റൊരു വാട്ട്‌സ് ഗ്രൂപ്പുമുണ്ടാക്കി.