poster-

തൃശൂർ: ഈ ഭൂമുഖത്തെ ഏറ്റവും ഹൃദയഹാരിയായ കാഴ്ചയായി അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടിയ പൂരത്തിന്റെ നാട്ടിലെ തിരഞ്ഞെടുപ്പിനുമുണ്ട് പൂരാവേശം.പൂരപ്പറമ്പിലെ കൊമ്പന്മാരെപ്പോലെ സ്ഥാനാർത്ഥികൾ അണിനിരന്ന ശേഷം പ്രചാരണത്തിന്റെ മേളപ്പെരുക്കത്തിലാണ് തൃശൂർ ജില്ലയിലെ 13 മണ്ഡലങ്ങളും.ഇനി, വോട്ടെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനത്തിന്റെ കൂട്ടപ്പൊരിച്ചിലിലെത്തുമ്പോൾ അത് മൂന്ന് മുന്നണികൾക്കും നിർണായകം.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ 12 ലും ആധിപത്യം നേടിയാണ് എൽ.ഡി.എഫ് വിജയക്കൊടി പാറിച്ചത്.അതിന് മറുപടി കൊടുത്തില്ലെങ്കിൽ യു.ഡി.എഫിന് വലിയ വില കൊടുക്കേണ്ടി വരും. മൂന്ന് മന്ത്രിമാരുള്ള ജില്ലയിലെ പ്രകടനം മോശമായാൽ അത് ഇടതിനും തിരിച്ചടിയാകും.സുരേഷ് ഗോപിയും മുൻ ഡി.ജി.പി. ജേക്കബ് തോമസും അടക്കമുള്ള വമ്പന്മാരെ അണിനിരത്തിയ എൻ.ഡി.എയ്ക്കും ഈ തിര‌ഞ്ഞെടുപ്പിൽ വാനോളം പ്രതീക്ഷയാണുള്ളത്. ചുരുക്കിപ്പറഞ്ഞാൽ ലക്ഷണമൊത്തൊരു ത്രികോണ മത്സരമാണ് ജില്ലയിൽ. ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദമാണ് പ്രചാരണവിഷയമായി ഉയർന്നുകേൾക്കുന്നതെങ്കിലും സുരേഷ് ഗോപി പ്രചാരണത്തിനെത്തിയതോടെ ശബരിമല വിഷയവും സജീവമായി. ഗുരുവായൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ കോലീബി സഖ്യമെന്ന് ഇടതും എൽ.ഡി.എഫിന്റെ അവിശുദ്ധബന്ധമെന്ന് യു.ഡി.എഫും ആരോപണമുയർത്തി. ഇടതുമുന്നണിക്കെതിരെ സ്വർണക്കടത്തും വാളയാർ സംഭവവും നിയമന വിവാദവുമാണ് യു.ഡി.എഫും എൻ.ഡി.എയും ആയുധമാക്കുന്നത്. പെട്രോൾ-പാചകവാതക വിലവർദ്ധനയും വർഗീയ നിലപാടുകളുമാണ് ബി.ജെ.പിക്കെതിരെ ഇടതു-വലതുമുന്നണികളുടെ ആയുധം.


 ഇടതുചാരി വലതുമറിഞ്ഞ്

ഒരു മുന്നണിയുടെയും കുത്തകയല്ല തൃശൂർ. മാറിയും മറിഞ്ഞും ഇരുമുന്നണികളേയും തുണയ്ക്കും. എന്നാൽ പുതുക്കാടും നാട്ടികയിലും മണലൂരും കൊടുങ്ങല്ലൂരിലും ബി.ജെ.പിയുടെ വോട്ടുശതമാനം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഗണ്യമായി വർദ്ധിച്ചതോടെ ഫലം പ്രവചനാതീതമായി. ഭൂരിഭാഗം മണ്ഡലങ്ങളിലും ബി.ജെ.പിയുടെ സ്വാധീനം തിരിച്ചടിയായത് യു.ഡി.എഫിനായിരുന്നു. 2011ൽ 7 മണ്ഡലങ്ങൾ ഇടതിനൊപ്പമായിരുന്നെങ്കിൽ ആറെണ്ണം യു.ഡി.എഫിന്റേതായി.

2006 ൽ ഉണ്ടായിരുന്ന പതിനാല് മണ്ഡലങ്ങളിൽ മൂന്നെണ്ണം മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്. 2001 ൽ രണ്ടു മണ്ഡലങ്ങൾ മാത്രമാണ് ചുവന്നത്.

 തൃശൂരും വടക്കാഞ്ചേരിയും

തൃശൂരും വടക്കാഞ്ചേരിയും കുന്നംകുളവും ഇരിങ്ങാലക്കുടയുമെല്ലാം കടുത്തപോരാട്ടത്തിനാണ് വേദിയാകുന്നത്. സുരേഷ്ഗോപി തൃശൂരിൽ മത്സരിക്കുന്നതാണ് എൻ.ഡി.എ പ്രചാരണത്തിന്റെ

കുന്തമുന. മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ, അച്ഛന്റെ തട്ടകമായ തൃശൂരിൽ വലിയപ്രതീക്ഷയോടെയാണ് ഇത്തവണ മത്സരിക്കുന്നത്. എൽ.ഡി.എഫിലെ പി. ബാലചന്ദ്രൻ കൂടിയാകുമ്പോൾ വിജയം പ്രവചനാതീതം.സർക്കാരിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങളും സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ വി.എസ്. സുനിൽകുമാറിന്റെ ജനകീയ പരിവേഷവുമാണ് എൽ.ഡി.എഫിന്റെ തുറുപ്പ് ചീട്ട്.

ഇരിങ്ങാലക്കുടയിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്റെ ഭാര്യ ഡാേ.ആർ. ബിന്ദുവും മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും മുൻ ഡി.ജി.പി. ജേക്കബ് തോമസുമാണ് ഏറ്റുമുട്ടുന്നത്.

മുൻമന്ത്രിയും സ്പീക്കറുമായ കെ. രാധാകൃഷ്ണൻ രംഗത്തിറങ്ങിയതാണ് ചേലക്കരയെ ശ്രദ്ധേയമാക്കുന്നത്.ഇവിടെ യു.ഡി.എഫിലെ ​സി.​സി.​ശ്രീ​കു​മാ​റും എ​ൻ.​ഡി.​എ​യിലെ ഷാ​ജു​മോ​ൻ​ ​വ​ട്ടേ​ക്കാ​ടുമാണ് എതിർസ്ഥാനാർത്ഥികൾ. ലൈഫ് വിവാദത്തിലൂടെ ശ്രദ്ധേയമായ വടക്കാഞ്ചേരിയിൽ യു.ഡി.എഫിലെ അനിൽ അക്കരയും എൽ.ഡി.എഫിലെ സേവ്യർ ചിറ്റിലിപ്പിള്ളിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഉ​ല്ലാ​സ് ​ബാ​ബുവാണ് എൻ.ഡി.എ സ്ഥാനാർത്ഥി.മന്ത്രി എ.സി മൊയ്തീൻ കുന്നംകുളത്ത് മത്സരിക്കുമ്പോൾ യു.​ഡി.​എ​ഫിലെ ​കെ.​ജ​യ​ശ​ങ്കറും എ​ൻ.​ഡി.​എ​യിലെ ​കെ.​കെ.​അ​നീ​ഷ് ​കു​മാറുമാണ് എതിർ സ്ഥാനാർത്ഥികൾ.

യ്പ്പമംഗലത്ത് എൽ.ഡി.എഫിലെ ഇ.ടി ടൈസണും യു.ഡി.എഫിലെ ശോഭ സുബിനും എൻ.ഡി.എയിലെ സി.ഡി ശ്രീലാലും രംഗത്തുണ്ട്. ചീഫ് വിപ്പ് കെ.രാജൻ ഒല്ലൂരിലിറങ്ങുമ്പോൾ യു.ഡി.എഫിലെ ജോസ് വള്ളൂരും എൻ.ഡി.എയിലെ ​ ​ബി.​ഗോ​പാ​ല​കൃ​ഷ്ണനുമാണ് എതിരാളികൾ. ചാലക്കുടിയിൽ യു.ഡി.എഫിലെ ടി.ജെ സനീഷ് കുമാർ നേരിടുന്നത് എൽ.ഡി.എഫിലെ ഡെന്നീസ് കെ. ആന്റണിയെയാണ്. എൻ.ഡി.എയുടെ കെ.എ ഉണ്ണിക്കൃഷ്ണനും ശക്തമായി രംഗത്തുണ്ട്.

മണലൂരിൽ എൽ.ഡി.എഫിലെ മു​ര​ളി​ ​പെ​രു​നെ​ല്ലിയും യു.​ഡി.​എ​ഫിലെ വി​ജ​യ് ​ഹ​രിയും ഏറ്റുമുട്ടുമ്പോൾ ശക്തനായ എതിരാളിയായി എൻ.ഡി.എയിലെ എ.എൻ രാധാകൃഷ്ണനുമുണ്ട്.

ട്രെൻഡ്

കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുമ്പോഴും ഭരണവിരുദ്ധ വികാരം കരുത്തരായ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലത്തിൽപ്പോലും ഉണ്ടായേക്കാമെന്ന ആശങ്കയുണ്ട് ഇടതുക്യാമ്പിന്. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പരിവേഷവും അട്ടിമറിയിലേക്ക് വഴിതെളിക്കാം. എന്നാൽ എൻ.ഡി.എ കൂടുതൽ വോട്ടുപിടിച്ചാൽ തകരുന്നത് തങ്ങൾ ആകുമെന്ന ചിന്തയും യു.ഡി.എഫിനെ അലട്ടുന്നുണ്ട്. ഗുരുവായൂരിൽ നിവേദിതയുടെ പത്രിക തള്ളിയതാണ് എൻ.ഡി.എയുടെ പ്രതിസന്ധി.