സംവിധായകർ പങ്കെടുക്കുന്ന സംവാദങ്ങൾ: മോഹനം ചലച്ചിത്രോത്സവം ശ്രദ്ധേയമാകുന്നു
മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്ന മോഹനം ചലച്ചിത്രോത്സവം പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെയും സംവിധായകരുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. ഒന്നാം ദിവസം വൈകിട്ട് മ്യൂസിക്കൽ ചെയർ സംവിധായകൻ വിപിൻ ആറ്റലി പ്രേക്ഷകരുമായി സംവദിച്ചു. രണ്ടാം ദിവസം മലയാള ചിത്രം താഹിറയുടെ പ്രദർശന ശേഷം സംവിധായകൻ സിദ്ദിഖ് പറവൂരും അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്ത സാംവാദം നടന്നു. അഭിനേതാക്കളായ രജിത, ബീരാൻ കുഞ്ഞി, രാജു കാതിയാളം, ബക്കർ മാടവന, സന്തോഷ്, ചാരുദത്തൻ, ബാലതാരം ശിവാനി, അസി. ഡയറക്ടർ വിപിൻ നാഥ്, ക്യൂറേറ്റർ സുനിൽ മാലൂർ, ഡബിംഗ് ആർട്ടിസ്റ്റ് ഫെബിന എന്നിവർ പങ്കെടുത്തു.
ദേശീയ ചലച്ചിത്രോത്സവത്തിൽ പനോരമയിലും മത്സര വിഭാഗത്തിലും പങ്കെടുത്ത താഹിറയെന്ന തൊഴിലാളി സ്ത്രീയുടെ സഹനത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ പറയുന്ന ഈ സിനിമയെ സദസ് നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. മൂന്നാം ദിവസം അന്തരിച്ച വിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡുക്കിൻ്റെ സമരിറ്റൻ ഗേൾ, സ്പ്രിംഗ് സമ്മർ ഫാൾ വിൻ്റർ ആൻഡ് സ്പ്രിംഗ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
സംവിധായകനും ചലച്ചിത്ര വിമർശകനുമായ കെ.ബി. വേണു അനുസ്മരണ പ്രഭാഷണം നടത്തി. നാലാം ദിവസം സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം സംവിധാനം ചെയ്ത ഡോൺ പാലത്തറ സംവാദത്തിൽ പങ്കെടുത്തു. മേള നാളെ സമാപിക്കും. സമാപന ചിത്രമായി 6.30ന് ഈ വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ രാഹുൽ ജി സംവിധാനം ചെയ്ത കള്ളനോട്ടം പ്രദർശിപ്പിക്കും.