തൃശൂർ: പുറനാട്ടുകര ദേവിതറ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകളുടെ പാപ്പാന്മാർക്കെതിരെ തലപ്പൊക്ക മത്സരം നടത്തിയതിന് തൃശൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസെടുത്തു. പാമ്പാടി രാജന്റെ പാപ്പാൻമാരായ പെരുമ്പാവൂർ പറമ്പിൽപീടിക കുഴിയാലുങ്കൽ വീട്ടിൽ രജീഷ്, ചാലക്കുടി പോട്ട ഞാറയ്ക്കൽ വീട്ടിൽ സജീവൻ എന്നിവരുടെ പേരിലും തൃശൂർ 'നന്ദിലത്ത് ഗോപാലകൃഷ്ണൻ' എന്ന ആനയുടെ പാപ്പാന്മാരായ പാലക്കാട് കൊല്ലങ്കോട് മാമനീ വീട്ടിൽ ചന്ദ്രൻ, ചിറ്റൂർ പാറക്കുളം ദേശം മീനികോഡ് വീട്ടിൽ മനോജ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തലപ്പൊക്കം കൂട്ടുന്നതിനിടെ തിടമ്പ് പിടിച്ചിരുന്ന ആൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ആനപ്പുറത്ത് നിന്ന് വീഴാൻ പോകുകയും ചെയ്തു. ആനകളെ ബലം പ്രയോഗിച്ചും വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇപ്രകാരം ആനകളെ പീഡിപ്പിക്കുന്നത് 2012ലെ നാട്ടാന പരിപാലന ചട്ടപ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. തുടർന്ന് കേസന്വേഷണം പൂർണമാകുന്നത് വരെ ആനകളെ പരിപാടികൾക്ക് പങ്കെടുപ്പിക്കുന്നതിൽ നിന്ന് പാപ്പാന്മാരെ വനം വകുപ്പ് വിലക്കിയിട്ടുണ്ടെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ പി.എം. പ്രഭു പറഞ്ഞു.