പുതുക്കാട്: ഒട്ടേറെ തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് വേദിയായ അളഗപ്പനഗറും ഗ്രാറ്റുവിറ്റി നിയമത്തിന്റെ ഉപജ്ഞാതാവായ പി.എസ്. നമ്പൂതിരി, മുൻ മുഖ്യമന്ത്രി, അച്ചുതമേനോൻ തുടങ്ങിയവരെ നിയമസഭയിലേക്ക് അയച്ച പാരമ്പര്യമുള്ള മണ്ണ് ഇത്തവണ ആരെ സ്വീകരിക്കും എന്ന് ഉറ്റ് നോക്കുകയാണ് കേരളം. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. അന്തിക്കാട് സ്വദേശിയും കെ.പി.സി.സി സെക്രട്ടറിമാരിലൊരാളുമായ സുനിൽ അന്തിക്കാടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

തുടർച്ചയായി നാലു തവണയായാണ് കെ.പി. വിശ്വനാഥൻ ഇവിടെ വിജയിച്ചത്. 2006 ലും, 2011ലും കെ.പി. വിശ്വനാഥൻ പരാജയത്തിന്റെ രുചി അറിഞ്ഞതും നാലു തവണ വിജയിച്ച മണ്ണിൽ നിന്നു തന്നെ എന്നതും ശ്രദ്ധേയമാണ്. നാട്ടുകാരനായ പ്രൊഫ.സി. രവീന്ദ്രനാഥ് എന്ന കോളേജ് അദ്ധ്യാപകൻ കന്നിയങ്കത്തിൽ വിജയിച്ചതോടെ ഒരു അതികായകന്റെ പരാജയവും നാട് ശ്രദ്ധിച്ചു.

2011ൽ രണ്ടാം വട്ടം നിയമസഭ തിരഞ്ഞെടുപ്പ് ആയപ്പോഴക്കും മണ്ഡലം പുനസംഘടന നടന്നു. അതുവരെ കൊടകര മണ്ഡലമായിരുന്നത് പുതുക്കാട് മണ്ഡലമായി. കൊടകര പഞ്ചായത്തിനെ അടർത്തിമാറ്റി പകരം വല്ലച്ചിറയും പറപ്പൂക്കരയം കൂട്ടിച്ചേർത്തു പുതുക്കാട് മണ്ഡലം രുപീകരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലും പ്രൊഫ.സി.രവീന്ദ്രനാഥ് ജയിച്ചു കയറി. ഇതോടെ കൊടകരയുടെ അവസാന എം.എൽ.എയും പുതുക്കാടിന്റെ ആദ്യ എം.എൽ.എയും പ്രൊഫ.സി. രവീന്ദ്രനാഥായി. മൂന്നാംവട്ടം രവീന്ദ്രനാഥിനെ പിടിച്ചുകെട്ടാൻ യു.ഡി.എഫ് ഇറക്കിയത് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റായ സുന്ദരൻ കുന്നത്തുള്ളിയെ ആയിരുന്നു. എന്നാൽ 2016ലെ മത്സരത്തിൽ രവീന്ദ്രനാഥിന് ഭൂരിപക്ഷം റെക്കോഡ് ആയി. എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന നാഗേഷ് 36,000ൽ പരം വോട്ട് പിടിച്ചതോടെ ബി.ജെ.പിക്ക് പുതുക്കാട് എ ക്ലാസ് ആയി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിക്ക് 40,000ൽ പരം വോട്ടയി ബി.ജെ.പിയുടെ നില ഉയർന്നു. ഓരോ തിരഞ്ഞെടുപ്പ് കഴിയും തോറും ബി.ജെ.പിക്കു ലഭിക്കുന്ന വോട്ടിന്റെ ഗ്രാഫ് ഉയരുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്.

ഇത്തവണ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണ്ണയം എറെ വൈകി. സ്ഥാനാർത്ഥി ആയപ്പോൾ മണ്ഡലത്തിന് പുറത്തു നിന്നുള്ള ആളും. ഇതോടെ പ്രതിഷേധം ശക്തമായി. തൃശൂരിലെ കോൺഗ്രസ് ജില്ലാ ആസ്ഥാനത്ത് വരെ പുതുക്കാട്ടുകാർ പ്രതിഷേധവുമായി എത്തി. എ. വിഭാഗത്തിന്റെ കുത്തകയായ മണ്ഡലം 2016ൽ സുന്ദരൻ കുന്നത്തുള്ളിയെ മത്സരിപ്പിച്ചതോടെ ഐ വിഭാഗം കൈയ്യടക്കി. മണ്ഡലത്തിൽ പുതുമുഖമായ സുനിൽ അന്തിക്കാടിന്റെ പ്രചരണം ആരംഭിക്കാൻ തന്നെ എറെ വൈകി.

മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലാണ് ബി.ജെ.പിയുടെ പ്രചാരണം. ഭൂരിപക്ഷം എത്ര ഉയർത്താമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫിന്റെ പ്രവർത്തനം. കെ.കെ.രാമചന്ദ്രനും എ.നാഗേഷും മണ്ഡലത്തിലെ നന്മണിക്കര ഗ്രാമപഞ്ചായത്തിലെ തലവണിക്കര സ്വദേശികളാണ്. അന്തിക്കാട് സ്വദേശിയാണ് സുനിൽ.

................................................

പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ചയുള്ള മണ്ഡലം

ഒരു കാലത്ത് വോട്ടർമാരിൽ ഭൂരിപക്ഷം വന്നിരുന്ന തൊഴിലാളി വോട്ടർമാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പരമ്പരാഗത വ്യവസായങ്ങളായ ടെക്സ്റ്റയിൽസ്, തോട്ടം, ഓട്ടുകമ്പനി, കളിമണ്ണ് എന്നീ മേഖലകളിലെ തകർച്ച മണ്ഡലത്തിന്റെ ഊർജസ്വലത നഷ്ട്ടപെടുത്തി. ആലസ്യത്തിൽ നിന്നുണർന്ന് യു.ഡി.എഫിന്റെ പ്രചാരണം കൂടി ആരംഭിച്ചതോടെ മുന്നാം സ്ഥാനം ആർക്കെന്നാണ് വോട്ടർമാർ ഉറ്റുനോക്കുന്നത്. ജാതീയമായ ചേരിതിരിവും വർഗ്ഗീയ ദ്രുവീകരണവും എറെ പ്രതിഫലിക്കുന്നുണ്ട് പുതുക്കാട് മണ്ഡലത്തിൽ എന്നതും ശ്രദ്ധേയമാണ്‌. വോട്ടർമാരിൽ ഭൂരിപക്ഷം ഈഴവ വോട്ടുകളാണ്. സി.പി.എം ജില്ലയിൽ സീറ്റു നൽകിയ എക ഈഴവ സ്ഥാനാർത്ഥിയാണ് കെ.കെ. രാമചന്ദ്രൻ.