വടക്കാഞ്ചേരി: മഹാകവി വള്ളത്തോളിന്റെ പേരിലുള്ള ചെറുതുരുത്തി റെയിൽവേ സ്റ്റേഷനിലെ ബോർഡിലെ അക്ഷരത്തെറ്റ് തിരുത്താൻ ഒടുവിൽ വള്ളത്തോൾ നാരായണമേനോന്റെ കൊച്ചു മകൻ തന്നെ രംഗത്തിറങ്ങി. ബോർഡിൽ വള്ളത്തോൾ എന്ന് ഇംഗ്ലീഷിൽ എഴുതിയ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയായിരുന്നില്ല.
ഇതേത്തുടർന്നാണ് വള്ളത്തോൾ നാരായണമേനോന്റെ കൊച്ചു മകൻ രവീന്ദ്രനാഥൻ വള്ളത്തോൾ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ടുകണ്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ച കാര്യവും രവീന്ദ്രനാഥൻ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ വേണ്ട നടപടിയെടുക്കാമെന്ന് ഗവർണർ ഉറപ്പു നൽകിയതായി രവീന്ദ്രനാഥൻ വള്ളത്തോൾ പറഞ്ഞു.
വള്ളത്തോളിന്റെ കുടുബത്തിലെ ഒരാൾ ഈ ആവശ്യം ഉന്നയിച്ച് നേരിട്ടു വന്നതിന്റെ ഗൗരവം മനസ്സിലാക്കുന്നതായി ഗവർണർ പറഞ്ഞു. മഹാകവിയുടെ ഋഗ്വേദ സംഹിതയും വള്ളത്തോളിനെ കുറിച്ചുള്ള ഇഗ്ലീഷ് പരിഭാഷാ പുസ്തകങ്ങളും രവീന്ദ്രനാഥൻ വള്ളത്തോൾ, ഗവർണർക്ക് സമ്മാനിച്ചു.