
ആറാട്ടുപുഴ: ഭക്തിയുടെയും ആഘോഷത്തിന്റെയും സമന്വയമായ ആറാട്ടുപുഴ തറയ്ക്കൽ പൂരം വ്യാഴാഴ്ച ആഘോഷിക്കും. ആറാട്ടുപുഴ ശാസ്താവ് തറയ്ക്കൽപ്പൂരം ദിവസം രാവിലെ എട്ടിന് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാൻ എഴുന്നള്ളും. ആനയോട്ടത്തിന് ശേഷം കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയ്ക്ക് ശേഷം ത്രിപുടയോടുകൂടി പിടിക്കപ്പറമ്പ് ക്ഷേത്രം വലംവച്ച് തിരിച്ചു വന്ന് ചാത്തക്കുടം ശാസ്താവിന് ഉപചാരം പറയും. ആറാട്ടുപുഴയ്ക്ക് തിരിച്ചെഴുന്നള്ളി പുഴയ്ക്കക്കരെ കടന്ന് കിഴക്കേ മഠം, വടക്കേ മഠം, തെക്കേ മഠം, പടിഞ്ഞാറെ മഠം തുടങ്ങിയ സ്ഥലങ്ങളിലെ കൂട്ടപറകൾ സ്വീകരിക്കുന്നു. ഇവിടങ്ങളിലെല്ലാം ചാലുകീറൽ (കൊമ്പുകുത്ത്) ചാടിക്കൊട്ട് എന്നിവ ഉണ്ടായിരിക്കും. ശാസ്താവ് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെഴുന്നെള്ളിയാൽ താന്ത്രിക ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് നാലിന് ചോരഞ്ചേടത്ത് മന, കരോളിൽ എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറകൾ സ്വീകരിക്കാനായി ശാസ്താവ് പുറപ്പെടും. തിരിച്ച് ക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞാൽ ശംഖുവിളി, കേളി, സസ്യവേല, അത്താഴപൂജ എന്നിവയ്ക്ക് ശേഷം തറയ്ക്കൽ പൂരത്തിന് ചെമ്പടയുടെ അകമ്പടിയോടെ എഴുന്നള്ളും. പടിഞ്ഞാറുനിന്ന് ഊരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപ്പാൾ ഭഗവതിയും എഴുന്നള്ളും. പാണ്ടിമേളത്തിന് ശേഷം മൂന്ന് ദേവീദേവന്മാരും സംഗമിക്കും. തൊട്ടിപ്പാൾ ഭഗവതി ശാസ്താവിനും ഊരകത്തമ്മതിരുവടിക്കും ഉപചാരം പറഞ്ഞ് ശാസ്താം കടവിലേയ്ക്ക് ആറാട്ടിനും, ഊരകത്തമ്മത്തിരുവടി കീഴോട്ടുകര മനയിലേക്കും, ആറാട്ടുപുഴ ശാസ്താവ് മാടമ്പ് മനയിലേക്കും യാത്രയാകും. പറയെടുപ്പിന് ശേഷം ശാസ്താവ് ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും. പിഷാരിക്കൽ ക്ഷേത്രത്തിലേക്കുള്ള വഴിമദ്ധ്യേ ശാസ്താവിന് കീഴോട്ടുകര മനയ്ക്കൽ ഇറക്കിപൂജയും തുടർന്ന് പിഷാരിക്കൽ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പും നടക്കും. തുടർന്ന് തറക്കൽ പൂരം ദിവസം കൂട്ട പറ നിറയ്ക്കും. ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പറനിറച്ചു കൊണ്ട് തുടക്കം കുറിക്കും. ദേവസ്വം മെമ്പർമാരും അധികാരികളും ഭക്തജനങ്ങളോടൊപ്പം പറനിറയ്ക്കും.