
തൃപ്രയാർ: പടിഞ്ഞാറെക്കരയിലെ ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കി തൃപ്രയാർ തേവർ പുഴ കടന്നു. ഇനി കിഴക്കെക്കരയിലെ ഗ്രാമപ്രദക്ഷിണമാണ്. സ്വന്തം പള്ളിയോടത്തിലാണ് തേവർ പുഴ കടന്നത്. ബുധനാഴ്ച സന്ധ്യക്ക് തേവരെ യാത്രഅയക്കാൻ പടിഞ്ഞാറെ കരയിലും വരവേൽക്കാൻ കിഴക്കെക്കരയിലും ഭക്തർ തടിച്ചുകൂടി. നിയമവെടിക്ക് ശേഷമായിരുന്നു തേവരുടെ യാത്ര.
പുറത്തേക്കെഴുന്നള്ളിയ തേവർ മൂന്ന് തവണ ക്ഷേത്രത്തെ പ്രദക്ഷിണം വച്ചു. തൃക്കോൽ ശാന്തി തേവരുടെ ചിലമ്പ് പള്ളിയോടത്തിലെ ചേങ്ങിലയിൽ ഘടിപ്പിച്ചു. തിടമ്പുള്ള കോലം എഴുന്നള്ളിച്ച് വച്ചു. കുത്തുവിളക്ക് കോലത്തിന് മുന്നിൽ പിടിച്ചു. തുടർന്ന് തൃക്കോൽ ശാന്തി ഓടം തുഴഞ്ഞു. ഈ സമയം ഇരുകരകളിൽ നിന്നും ശംഖനാദം മുഴങ്ങി.
നിലയ്ക്കാത്ത രാമനാമവും ഉയർന്നു. തേവർ കിഴക്കെ കരയിലെത്തിയതോടെ കർപ്പൂരദീപങ്ങളും കരിമരുന്ന് പ്രയോഗവും വരവേറ്റു. മണ്ഡപത്തിൽ ഇറക്കി എഴുന്നള്ളിച്ച തേവർക്ക് ആമലത്തുതറവാട്ടുകാർ പറ നിറച്ചു. തുടർന്ന് മൂന്നാനകളോടെ കിഴക്കെനട പൂരത്തിൽ തേവർ എഴുന്നള്ളി. ദേവസ്വം ഗോവിന്ദൻ സ്വർണ്ണക്കോലം വഹിച്ചു. പഞ്ചവാദ്യം കൊട്ടിത്തിമിർത്തു. ശേഷം തേവർ ഊരായ്മ ഇല്ലങ്ങളായ ചേലൂർ, പുന്നപ്പുള്ളി മന, ജ്ഞാനപ്പിള്ളി മന, മുറ്റിച്ചൂർ കൊട്ടാരം, കുന്നത്തുമന എന്നിവിടങ്ങളിൽ പറ നിറച്ചു. തുടർന്ന് കുട്ടൻകുളം ക്ഷേത്രത്തിൽ ഇറക്കി പൂജയും ആറാട്ടും കഴിഞ്ഞ് തിരിച്ചെത്തി.
ആറാട്ടുപുഴ പൂരം നാളെ
ചേർപ്പ്: 24 ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീ ദേവന്മാർ പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരം നാളെ ആഘോഷിക്കും. ആഘോഷങ്ങളേക്കാൾ ചടങ്ങുകൾക്ക് പ്രാധാന്യമുള്ളതാണ് ആറാട്ടുപുഴ പൂരം.
നിത്യപൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും ശാസ്താവ് സർവാഭരണ വിഭൂഷിതനായി ഗജവീരന്മാരുടെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളും. പഞ്ചാരിമേളം അകമ്പടിയാകും. തുടർന്ന് ശാസ്താവ് ഏഴുകണ്ടം വരെ പോകുകയും മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളി നിലപാടു നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിന് ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാടു നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്കെഴുന്നള്ളും.
ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയാൽ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കും. തേവർ കൈതവളപ്പിലെത്തുന്നതു വരെ എഴുന്നള്ളിപ്പുകൾ തുടരും. രാത്രി പതിനൊന്നോടെ തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തകുടം ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടക്കും. തുടർന്ന് പൂനിലാർക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ, എടക്കുന്നി ഭഗവതി, അന്തിക്കാട് ചൂരക്കോട് ഭഗവതി എന്നിവർ എഴുന്നള്ളും.
പൂരം ദിവസം അർദ്ധരാത്രി ദേവമേളയ്ക്ക് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തും. തേവർക്ക് അകമ്പടിയായി പഞ്ചവാദ്യവും തുടർന്ന് പാണ്ടിമേളവും അരങ്ങേറും. പാണ്ടി മേളം അവസാനിക്കുന്നതോടെ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരക്കും. ദൃശ്യശ്രാവ്യസുന്ദരമായ കൂട്ടിഎഴുന്നള്ളിപ്പിന് സാക്ഷ്യം വഹിക്കാൻ ഭക്തജനങ്ങൾ ഒത്തുചേരും. തേവർ കൈതവളപ്പിൽ എത്തുന്നതോടെ ദേവിമാരുടെ ആറാട്ട് തുടങ്ങും. കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം വിളക്കാചാരം, കേളിപ്പറ്റ് എന്നിവ കഴിഞ്ഞാൽ തേവരും, ഊരകത്തമ്മത്തിരുവടിയും, ചേർപ്പ് ഭഗവതിയും ആറാട്ടിനായി മന്ദാരം കടവിലേക്ക് എഴുന്നള്ളും. ഇവിടെ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവീദേവന്മാരെ ഇറക്കിയെഴുന്നള്ളിക്കും. തുടർന്ന് ആറാട്ട് നടക്കും.