
തൃശൂർ : സ്വതന്ത്രർ അടക്കമുള്ള സ്ഥാനാർത്ഥികൾക്ക് ചിഹ്നം കൂടി ലഭിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതൽ സജീവമായി. എല്ലാ മണ്ഡലങ്ങളിലും സ്വതന്ത്രന്മാർ രംഗത്തുണ്ട്.
കുന്നംകുളം, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് വെല്ലുവിളിയായി അപരന്മാരുണ്ട്. രണ്ട് സ്ഥലത്തും രണ്ട് പേർ വീതമാണ് സ്ഥാനാർത്ഥികളായുള്ളത്. മണലൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി എ. എൻ. രാധാകൃഷ്ണനെതിരെ സംഘപരിവാർ സംഘടനയിലുള്ള ദേവരാജൻ മൂക്കോല മത്സരിക്കുന്നത് ഏതാനും സ്ഥലങ്ങളിൽ അവർക്ക് ചെറിയ ഭീഷണി ഉയർത്തിയേക്കും.
മണലൂർ, പുതുക്കാട്, തൃശൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, നാട്ടിക എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. കവലകൾ തോറും സ്ഥാനാർത്ഥികൾക്ക് സ്വീകരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. സമാപന സമ്മേളനങ്ങളിൽ ദേശീയ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചാണ് പ്രചാരണ പരിപാടികൾ കൊഴുപ്പിക്കുന്നത്.
സംവരണ മണ്ഡലമായ നാട്ടികയിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പ്രചാരണത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. ഇത്തവണ മൂന്ന് മുന്നണികളും പുതുമുഖങ്ങളെ ഇറക്കിയാണ് മത്സരരംഗത്തുള്ളത്. എൽ.ഡി.എഫിന്റെ കുത്തക മണ്ഡലമെന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലം കൂടിയാണ് നാട്ടിക.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി. രവീന്ദ്രനാഥ് 38,000 ൽ അധികം വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് പുതുക്കാട്. ഇവിടെ ഭൂരിപക്ഷം നിലനിറുത്താനുള്ള കഠിന ശ്രമത്തിലാണ് എൽ.ഡി.എഫ്. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന പ്രശ്‌നങ്ങൾ ഒരു വിധം തണുപ്പിച്ചു മുന്നോട്ട് പോയിക്കഴിഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി എ. നാഗേഷും പ്രചാരണ രംഗത്ത് സജീവമാണ്. കഴിഞ്ഞ തവണ നാഗേഷ് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്.
പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് ഇരിങ്ങാലക്കുട. മുൻ ഡി.ജി.പി ജേക്കബ് തോമസ്, ആർ. ബിന്ദു, തോമസ് ഉണ്ണിയാടൻ എന്നിവരുടെ സാന്നിദ്ധ്യം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമാണ്. പ്രചാരണ രംഗത്തും മൂന്ന് പേരും വ്യത്യസ്തത പുലർത്തിയാണ് മുന്നേറുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് പ്രചാരണ രംഗത്തേക്ക് പ്രവേശിക്കുന്നതോടെ തൃശൂരിൽ ത്രികോണ പോര് മുറുകും.
ലൈഫ് മിഷൻ പ്രശ്‌നം കത്തിക്കാളുന്ന വടക്കാഞ്ചേരി സീറ്റ് നിലനിറുത്താൻ അനിൽ അക്കര കിണഞ്ഞു പരിശ്രമിക്കുമ്പോൾ സീറ്റ് തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലാണ് എൽ.ഡി.എഫിലെ സേവ്യർ ചിറ്റിലപ്പിള്ളി. വോട്ടിംഗ് നില എല്ലാ തിരഞ്ഞെടുപ്പിലും ഉയർത്തുന്ന എൻ.ഡി.എയുടെ ഉല്ലാസ് ബാബുവും പ്രചാരണത്തിൽ നിറഞ്ഞിട്ടുണ്ട്. മൂന്ന് മുന്നണികളും വിജയം അവകാശപെട്ട് പ്രചാരണം ശക്തമാക്കിയ മണ്ഡലമാണ് കൊടുങ്ങല്ലൂർ. എൽ.ഡി.എഫിലെ വി.ആർ സുനിൽ കുമാറും യു.ഡി.എഫിനായി എം.പി ജാക്‌സണും എൻ.ഡി.എക്കായി സന്തോഷ് ചെറാക്കുളവും കളത്തിൽ സജീവമാണ്. ചാലക്കുടി, കയ്പ്പമംഗലം മണ്ഡലങ്ങളിലും നിർണായക പോരാട്ടമാണ് നടക്കുന്നത്.