election

തൃശൂർ: അപരന്മാരും സ്വതന്ത്രന്മാരും മുന്നണികളിൽ ഇല്ലാത്ത മറ്റ് സംഘടനകളിലെ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതോടെ ഇനിയുള്ള രണ്ടാഴ്ചക്കാലം അങ്കത്തട്ടിൽ തീപാറും. ഇന്ന് രമേശ് ചെന്നിത്തലയും നാളെ ഉമ്മൻചാണ്ടിയും എത്തുന്നതിൻ്റെ ത്രില്ലിലാണ് യു.ഡി.എഫ്.

ഹെലികോപ്റ്ററിൽ പറന്നിറങ്ങി പത്രിക സമർപ്പിച്ച് മടങ്ങിയശേഷം ഇന്ന് പ്രചാരണത്തിൽ സജീവമാകുന്ന സുരേഷ് ഗോപിയിലാണ് എൻ.ഡി.എ ക്യാമ്പിൻ്റെ പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചിടങ്ങളിൽ സൃഷ്ടിച്ച ഓളത്തിലാണ് ഇടതുമുന്നണി. അതേസമയം, ഇനി വലിയ ആൾക്കൂട്ടം സൃഷ്ടിക്കുന്ന താരപ്രചാരകരുടെ അസാന്നിദ്ധ്യം അവരെ അലട്ടും. കോൺഗ്രസ് വിട്ടവരും അസംതൃപ്തരും ചേർന്ന് അടിയൊഴുക്കുകൾക്ക് വഴിയൊരുക്കുമോ എന്ന ആശങ്ക യു.ഡി.എഫിനുമുണ്ട്.

ഗുരുവായൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിതയുടെ നാമനിർദ്ദേശ പത്രിക തള്ളിയതിൻ്റെ ക്ഷീണം എൻ.ഡി.എ ക്യാമ്പിൽ നിന്ന് വിട്ടുപോയിട്ടില്ല. സ്ഥാനാർത്ഥിക്കായി പുറത്തിറക്കിയ ലക്ഷക്കണക്കിന് രൂപയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളും പാഴായതു മാത്രമല്ല, ബി.ജെ.പിയുടെ നിർണ്ണായകമണ്ഡലം കൂടിയായിരുന്നു ഗുരുവായൂർ. എല്ലാ പ്രതിസന്ധികളും മറികടക്കാനുളള പോംവഴികൾക്ക് നേതൃത്വം പദ്ധതിയിടുമ്പോൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തകരുമുണ്ട്.

അതുകൊണ്ടു തന്നെ അണിയറയിലെ തിരഞ്ഞെടുപ്പ് ചൂട് എത്ര ഡിഗ്രിയിലാണെന്ന് പറയാനാവില്ല. മേൽത്തട്ട് മുതൽ ഏറ്റവും അടിത്തട്ടിലുള്ള ബൂത്തുതലം വരെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുന്ന സംഘങ്ങളുണ്ട്, മുന്നണികൾക്ക്. ഈ ആസൂത്രണം തന്നെയാണ് പ്രചാരണപരിപാടികളെ മുന്നോട്ട് നയിക്കുന്നത്. വിശകലനങ്ങൾ നടത്തിയും പുലർച്ചെ മുതൽ സ്ഥാനാർത്ഥിക്കൊപ്പം സ്‌ക്വാഡ് പ്രവർത്തനം നടത്താനും ഇവർ മുന്നിലുണ്ട്.

ഏകോപനം ശക്തമാക്കി യു.ഡി.എഫ്

പ്രവർത്തകർ കുറവുള്ള സ്ഥലങ്ങളിൽ പുറത്തുനിന്ന് പ്രവർത്തകരെയെത്തിച്ചും യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നുണ്ട് കോൺഗ്രസ്. മുന്നണി നേതാക്കളുടെ നേതൃത്വത്തിൽ ഏകോപനം ശക്തമാണ്. ജില്ലാ, നിയോജകമണ്ഡലം നിരീക്ഷകർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനം നിരീക്ഷിച്ച് അവലോകനം ചെയ്യുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഡി.സി.സി പ്രസിഡന്റും എം.പിയും അടക്കം ഓരോ നിയോജക മണ്ഡലത്തിലുമെത്തി പ്രചാരണപ്രവർത്തനം വിശകലനം ചെയ്യുന്നുണ്ട്. ഇവർക്ക് റിപ്പോർട്ട് നൽകാൻ നിയോജക മണ്ഡലം തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും കൺവീനറുമടക്കമുള്ള സംവിധാനവും സജീവം.

വനിതകളും യുവജനങ്ങളുമായി ഇടത്

ബൂത്ത് തലത്തിൽ വനിതാ, യുവജന സ്ക്വാഡ് അടക്കം അടിത്തട്ടിൽ ഇടതുമുന്നണിക്കായി പ്രവർത്തിക്കുന്നുണ്ട്. ബ്രാഞ്ച് തലത്തിൽ ഓരോ ബൂത്ത് കമ്മിറ്റിയിലും ഒരു സ്ക്വാഡ് ലീഡർ വീതമുണ്ടാകും. ബൂത്ത് കൺവെൻഷനുകൾ പൂർത്തിയാക്കി, ഒരു ബൂത്തിൽ രണ്ട് കുടുംബയോഗങ്ങളും നടക്കുന്നുണ്ട്. ബൂത്ത് കമ്മിറ്റികളുടെ റിപ്പോർട്ട് പഞ്ചായത്ത് കമ്മിറ്റികൾ ക്രോഡീകരിച്ചാണ് നിയോജക മണ്ഡലം കമ്മിറ്റികൾക്ക് നൽകുന്നത്. മുതിർന്ന നേതാക്കൾക്കാണ് നിയോജക മണ്ഡലം തലത്തിലുള്ള ചുമതല.

മുഴുവൻ സമയ കോ-ഓർഡിനേറ്റർമാരുമായി എൻ.ഡി.എ

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കോർത്തിണക്കാൻ ബൂത്ത് തലം മുതൽ രണ്ട് മുഴുവൻ സമയ കോ ഓർഡിനേറ്റർമാർ എൻ.ഡി.എയ്ക്കുണ്ട്.

പഞ്ചായത്തുതല, നിയോജകമണ്ഡലം തല സമിതികളുമുണ്ട്. ബൂത്ത് കമ്മിറ്റി യോഗങ്ങളും നിയോജക മണ്ഡലം, ജില്ലാതല ഏകോപന സമിതി യോഗങ്ങളും ചേർന്ന് പ്രചാരണപ്രവർത്തനം വിലയിരുത്തും. ബൂത്തുകളിൽ നിരന്തരം കുടുംബയോഗം ചേരുന്നുണ്ട്. കുടുംബ യോഗങ്ങളിൽ സുരേഷ് ഗോപി അടക്കമുള്ളവരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.