കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കാവിൽക്കടവ് തോടിന് സമീപം ലാൻഡിംഗ് പ്ലേസിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. പുതിയ വീട് നിർമ്മിച്ചു നൽകാമെന്ന ഉറപ്പിൻമേൽ കുടിയൊഴിഞ്ഞ പന്ത്രണ്ട് കുടുംബങ്ങൾക്ക് എട്ട് വർഷമായിട്ടും വീട് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവർ വോട്ടെടുപ്പ് ബഹിഷ്‌കരണ ഭീഷണിയുയർത്തിയിട്ടുള്ളത്. പുതിയ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന്റെ ഭാഗമായി 2013ലാണ് ഇവർ വീടൊഴിഞ്ഞ് നൽകിയത്.

കേന്ദ്ര സർക്കാരിന്റെ ചേരി നിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ കുടുംബങ്ങൾക്കായി ഫ്‌ളാറ്റ് നിർമ്മാണം തുടങ്ങിയെങ്കിലും നിർമ്മാണത്തിലെ അപാകതയെ തുടർന്ന് പദ്ധതി പാതിയിൽ മുടങ്ങുകയും സമയപരിധി കഴിഞ്ഞതിനെ തുടർന്ന് കേന്ദ്രഫണ്ട് ലാപ്‌സാകുകയും ചെയ്തതായി പറയുന്നു. പിന്നീട് 2019 വി.ആർ സുനിൽ കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്നും പുതിയ ഭവന സമുച്ചയം പണിയുന്നതിനായി ഒരു കോടി ഇരുപത് ലക്ഷം രൂപ അനുവദിച്ചു. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വാഗ്ദാനം പാഴായി. നിർമ്മാണ ചുമതല ഏറ്റെടുത്ത കോസ്റ്റ് ഫോർഡ് തറ കെട്ടിയതൊഴിച്ചാൽ വീടുകളുടെ പണി എങ്ങുമെത്തിയിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ കൈയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് ലാൻഡിംഗ് പ്ലേസിലെ കുടുംബങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.