അമ്പല്ലൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ എൻ.ടി.സിയുടെ അളഗപ്പ ടെക്സ്റ്റയിൽസ് പൂട്ടിയിട്ട് ഒരു വർഷം തികയുന്ന മാർച്ച് 24ന് സംയുക്ത ട്രേഡ് യുണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ ഏകദിന നിരാഹാര സമരം നടത്തി. മില്ല് ഉടൻ തുറന്ന് പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്തുന്നതിന്റെ മുന്നോടിയായിരുന്നു നിരാഹാരം.
മുൻ ധാരണ പ്രകാരം മാർച്ച് 31ന് മുമ്പ് മില്ല് തുറക്കാത്ത പക്ഷം സമരം ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. അളഗപ്പ ടെക്സ്റ്റയിൽസ് എംപ്ലോയീസ് യുണിയൻ (സി.ഐ.ടി.യു) സെക്രട്ടറി ആന്റു ഇല്ലിക്കൽ അദ്ധ്യക്ഷനായി.
പുതുക്കാട് മണ്ഡലത്തെ സ്ഥാനാർത്ഥികളായ കെ.കെ. രാമചന്ദ്രൻ ( എൽ.ഡി.എഫ്), സുനിൽ അന്തിക്കാട് (യു.ഡി.എഫ്), എ. നാഗേഷ് (എൻ.ഡി.എ), സി.ഐ.ടി.യു കൊടകര ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രൻ, കെ.പി. രാജേന്ദ്രൻ, വി.എസ്. പ്രിൻസ്, ടി.സി. സേതുമാധവൻ, പി. ഗോപിനാഥ്, സോജൻ ജോസഫ്, അഡ്വ. പി.കെ. അശോകൻ, തുളസിദാസ് എന്നിവർ സംസാരിച്ചു.